മഴയത്തും വെയിലത്തും ദുരിതയാത്ര; എന്ന് ശരിയാവും സ്റ്റേഡിയം ബസ് സ്റ്റാൻഡ് ടെർമിനൽ?
text_fieldsപാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാൻഡിനകത്തെ പുതിയ ടെർമിനൽ നിർമാണം ഇഴയാൻ തുടങ്ങിയിട്ട് വർഷങ്ങൾ. 2020 മാർച്ചിൽ നിർമാണം പൂർത്തിയാകുമെന്ന് പറഞ്ഞ പ്രവൃത്തികൾ ഒരുവർഷത്തിനിപ്പുറവും പാതിവഴിയിലാണ്. ടെർമിനലിന്റെ നിർമാണത്തിൽ ചില മാറ്റങ്ങൾ വരുത്തിയതാണ് പ്രവർത്തനം വൈകാൻ കാരണമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ് പുതിയ ടെർമിനർ നിർമിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടിയുടെ പദ്ധതിയിൽ നിലവിൽ കെട്ടിടത്തിന്റെ പ്രവർത്തനം മാത്രമാണ് ഏതാണ്ട് പൂർത്തിയായിരിക്കുന്നത്. യാർഡ് നിർമാണമടക്കം പ്രവൃത്തികൾ ഇനിയും ബാക്കിയുണ്ട്.
എന്നുതീരും ദുരിതയാത്ര
നിലവിൽ 16 ബസുകൾ നിർത്തിയിടാനുള്ള സൗകര്യമേ സ്റ്റാൻഡിലെ ബേയിൽ ഉള്ളൂ. ഇതുകൊണ്ടുതന്നെ സ്റ്റാൻഡിനകത്തെ റോഡിൽ ഇരുഭാഗത്തുമായാണ് ബസുകൾ നിർത്തിയിടുന്നത്. യാത്രക്കാർ മഴയും വെയിലുമേൽക്കാതിരിക്കണമെങ്കിൽ സമീപമുള്ള കടകളുടെ മുന്നിലെ നടപ്പാതകളിൽ കയറി നിൽക്കണം. സമീപത്ത് സജ്ജീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. ശുചിമുറി സൗകര്യവുമിവിടെ ഇല്ല. എല്ലാം പുതിയ ടെർമിനൽ നിർമാണം പൂർത്തിയാവുന്നതോടെ ശരിയാവുമെന്നാണ് നഗരസഭ പറയുന്നതെങ്കിലും എന്നുപൂർത്തിയാവുമെന്നാണ് ജനം ചോദിക്കുന്നത്.
പുതിയ ടെർമിനലെന്ന സ്വപ്നം
മതിയായ സൗകര്യങ്ങളോടെയുള്ള പുതിയ ടെർമിനൽ മാർച്ചിൽ പൂർത്തിയാവുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. 32 ബസുകൾക്ക് നിൽക്കാനുള്ള സൗകര്യത്തിന് പുറമെ ഇൻഫർമേഷൻ സെന്റർ, ഫീഡിങ് റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആറുവീതം ശൗചാലയം, നാല് കടമുറികൾ എന്നിവയുണ്ടാകും.
മൂന്ന് മീറ്റർ വീതിയിൽ ഇരുഭാഗത്തുമായി ക്രമീകരിക്കുന്ന ഇരിപ്പിടങ്ങളിൽ 40ലധികം പേർക്ക് ഇരിക്കാനും സൗകര്യം ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. യാർഡിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റൂഫിങ്, ക്ലോസറ്റുകൾ, ടാപ്പുകൾ, വാതിലുകൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. യാർഡ് നിർമാണത്തോടൊപ്പം ഇവയുടെ പണികളും പൂർത്തിയാക്കും. മാർച്ചോടെ തുറന്നുനൽകാനാകുമെന്നും പാലക്കാട് നഗരസഭ എ.ഇ സ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.