താൽക്കാലിക റോഡൊരുക്കാതെ കലുങ്ക് നിർമാണം; ഗതാഗത തടസ്സം പതിവ്
text_fieldsകിഴക്കഞ്ചേരി: താൽക്കാലിക വഴി ഒരുക്കാതെ മലയോര മേഖലയിലേക്കുള്ള റോഡിലെ കലുങ്ക് പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നതായി പരാതി. കുന്നങ്കാട്-കണ്ണംകുളം-വാല്‍ക്കുളമ്പ് -കണച്ചിപരുത റോഡില്‍ പാറച്ചാട്ടത്താണ് കലുങ്ക് പുനർനിർമിക്കാൻ പൊളിച്ചു നീക്കുന്നത്.
പൊളിച്ചശേഷം സമാന്തരപാതയുണ്ടാക്കാം എന്നാണ് അധികൃതർ അറിയിച്ചത്. ഇതിനാല്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വാഹനഗതാഗതം തടസ്സപ്പെടും.
പാലക്കുഴി, കണച്ചിപരുത ഉള്‍പ്പെടെ മലയോരമേഖലയിലേക്കുള്ള വാഹനങ്ങളെല്ലാം പോകുന്ന പ്രധാന റോഡില്‍ ആഴ്ചകൾ നീളുന്ന പ്രവൃത്തി നടത്തുമ്പോൾ ബദല്‍ സംവിധാനമുണ്ടാകണമെന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ അതു ലംഘിച്ചാണ് കലുങ്ക് നിർമാണമെന്ന് ചൂണ്ടിക്കാട്ടുന്നു. കലുങ്ക് പൊളിച്ചാല്‍ മലയോരവാസികള്‍ക്ക് ആറുകിലോമീറ്റർ വളഞ്ഞു വേണം വടക്കഞ്ചേരിയിലെത്താൻ.
നിർമാണ അപാകതകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഈ റോഡിനെക്കുറിച്ചുള്ളത്.റോഡിന്റെ ഒരുവശം മാത്രം ടാർ ചെയ്ത് മറുഭാഗം ടാർ ചെയ്യാൻ ഏറെ വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വാല്‍ക്കുളമ്പ് ജങ്ഷനില്‍ വെള്ളമൊഴുകാൻ വഴിയില്ലാതെ അശാസ്ത്രീയമായി നിർമിച്ച ചാലുകള്‍ സംബന്ധിച്ചും പരാതികളുണ്ട്.മഴപെയ്താല്‍ വാൽക്കുളമ്പ് ജംങ്ഷനിൽ വെള്ളക്കെട്ടാണ്. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.