വേനൽ കനക്കും മുമ്പേ കുഴൽകിണർ നിർമാണമേറുന്നു
text_fieldsപുതുനഗരം: വേനൽ ശക്തമാകുംമുമ്പേ കുഴൽകിണർ നിർമാണമേറുന്നു. സാധാരണയായി വരൾച്ച ശക്തി പ്രാപിക്കുന്ന മാർച്ചിലാണ് കുഴൽ കിണർ നിർമാണം ആരംഭിക്കാറ്. നിലവിൽ ജനുവരിയിൽതന്നെ നിയന്ത്രണമില്ലാതെ കുഴൽകിണറുകൾ കുഴിക്കുന്നുണ്ട്. കൊടുവായൂർ, കൊല്ലങ്കോട്, പുതുനഗരം, പട്ടഞ്ചേരി, പെരുവെമ്പ്, എലവഞ്ചേരി പ്രദേശങ്ങളിലാണിത് കൂടുതൽ. കഴിഞ്ഞവർഷത്തേക്കാൾ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്ന ഭീതിയിലാണ് കൂടുതലായി കുഴൽകിണർ കുഴിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇത് ഭൂഗർഭജലവിധാനം കൂടുതൽ താഴാൻ ഇടയാക്കുന്നു.
വടവന്നൂർ, പുതുനഗരം മേഖലയിൽ കുഴൽകിണറുകൾ വർധിച്ചത് തുറന്ന കിണറുകളിലെ വെള്ളം വറ്റാൻ കാരണമാകുന്നെന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. കൃഷിയാവശ്യത്തിന് വൻതോതിൽ ഭൂഗർഭജലം ഊറ്റുന്നതാണ് പ്രശ്നങ്ങൾക്ക് വഴിവെക്കുന്നത്. 24 മണിക്കൂറും സൗജന്യ വൈദ്യുതി ഉപയോഗിച്ച് വെള്ളമൂറ്റുന്നവർ വർധിച്ചതിനാൽ മിനി കുടിവെള്ള പദ്ധതികളിലും ജലവിതരണം ഇടക്കിടെ നിശ്ചലമാകുന്നുണ്ട്. നിയന്ത്രണമില്ലാതെ കുഴൽകിണർ നിർമിക്കുന്നതിനെതിരെ സർക്കാർ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനലടുക്കുന്നതിനുമുമ്പേ കുഴൽകിണറുകൾ വർധിക്കുന്നതിനാൽ കൃത്യമായ നിർദേശങ്ങൾ ഭൂഗർഭ ജലവകുപ്പും സർക്കാറും തദ്ദേശസ്ഥാപനങ്ങൾക്കും കൃഷിവകുപ്പിനും നൽകണമെന്ന ആവശ്യവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.