കമ്പി, സിമന്റ് വില കുതിക്കുന്നു; നിർമാണ മേഖല സ്‌തംഭനത്തിലേക്ക്
text_fieldsവടക്കഞ്ചേരി: നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും വില കുതിക്കുന്നു. കമ്പിയുടെ വിലയിലാണ് വൻ വർധന. രണ്ടാഴ്ചക്കിടെ കിലോക്ക് 20 രൂപയോളമാണ് കൂടിയത്. 65 രൂപയിൽനിന്ന് 85 ആയാണ് വർധന. സിമന്റിന് 50 കിലോയുടെ ചാക്കിന് 40 രൂപ കൂടി.
ഒരു ക്വിന്റൽ കമ്പിക്ക് 2000 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഫ്ലാറ്റുകൾ ഉൾപ്പെടെ വൻകിട നിർമാണ പ്രവൃത്തികൾ നിലക്കുന്ന സ്ഥിതിയാണ്. വില കൂടിയതോടെ വിൽപനയിലും ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ 45 രൂപയായിരുന്നു കമ്പിക്ക് കിലോ വില. ക്രമേണ വർധിച്ച് 65 രൂപയായി. ഇതിൽനിന്നാണ് പെട്ടെന്നുള്ള വർധന. രണ്ടു വർഷം മുമ്പത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയോളമാണിത്.
റഷ്യ-യുക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത വസ്‌തുക്കൾ ലഭിക്കാനുള്ള തടസ്സമാണ് വില കൂടാൻ ഇടയാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. വൻകിട കമ്പനികൾ വില കൂട്ടിയതോടെ കുറഞ്ഞ വിലയുള്ള സിമന്റിന് വിപണിയിൽ ആവശ്യക്കാർ ഏറി. 440-450 രൂപയാണ് നല്ല സിമന്റിന് വില. കോവിഡിന്റെ തുടക്കത്തിൽ 360-380 രൂപയായിരുന്നു. കോവിഡ് മൂന്നാം തരംഗത്തിനുശേഷം നിർമാണ മേഖല പച്ചപിടിച്ചുവരുന്നതിനിടെയാണ് വിലവർധന ഇരുട്ടടിയായത്.
ഇന്ധന വിലവർധന മൂലം ചെങ്കല്ലിനും കരിങ്കല്ലിനും വില കൂടിയിട്ടുണ്ട്. 50-60 രൂപയാണ് ചെങ്കല്ല് വില. നിർമാണത്തിനുപയോഗിക്കുന്ന എം സാൻഡിനും വില 100 അടിക്ക് 500 രൂപയോളം കൂടി. സാധനം എത്തിക്കാനുള്ള ദൂരത്തിനനുസരിച്ച് പ്രാദേശികമായി വിലയിൽ മാറ്റമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.