ചുങ്കത്ത് വളവില്‍ അപകടങ്ങൾ തുടർക്കഥ
text_fieldsമണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപകടങ്ങള്‍ പെരുകുന്നു. റോഡ് നവീകരണത്തിന് ശേഷമാണ് അപകടം വര്‍ധിച്ചത്. നാല് മാസത്തിനിടെ നാല് ലോറി അപകടങ്ങള്‍ ഉണ്ടായി.
ഇരുപതോളം ചെറിയ അപകടങ്ങളുമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. മഴയുള്ളപ്പോൾ രാത്രിയാണ് പ്രധാനമായും അപകടങ്ങള്‍ സംഭവിക്കുന്നത്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് മഴയത്ത് നിയന്ത്രണം ലഭിക്കാത്തതും അമിതവേഗതയും അപകടം ക്ഷണിച്ചു വരുത്തുന്നു. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പോകുന്ന വാഹനങ്ങള്‍ ഈ വളവിലെ കയറ്റം കയറുമ്പോള്‍ റോഡിന്റെ മധ്യത്തില്‍ നിന്നും മാറി വലതു വശത്തേക്ക് നീങ്ങിയാണ് പോകുന്നതെന്നും എതിരെ അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇതോടെ കയറ്റം കയറി വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നാണ് പറയപ്പെടുന്നത്.
റോഡ് നവീകരണത്തില്‍ അപകാതയുണ്ടെങ്കില്‍ പരിഹരിക്കണമെന്നും നാട്ടുകാരുടെ ആവശ്യം. എന്നാല്‍ അപാകതകളില്ലെന്ന് റോഡ് നവീകരണം നടത്തിയ യു.എല്‍.സി.സി.എസ് അധികൃതർ പ്രതികരിച്ചു.
റോഡ് സുരക്ഷാ പദ്ധതി പ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വളവിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. പത്ത് മീറ്റര്‍ വീതിയിലാണ് ദേശീയപാതയില്‍ ടാറിങ് നടത്തിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. വില്ലേജ് ഓഫിസ്, പഞ്ചായത്ത്, കെ.എസ്.ഇ.ബി ഓഫിസ്, ബാങ്കുകള്‍, അക്ഷയ കേന്ദ്രം, തൊഴില്‍-വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു വരുന്ന സ്ഥലമാണ് ചുങ്കം ഭാഗം. കല്ലടി സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ കാല്‍നടയായി ദേശീയപാതയോരത്ത് കൂടെ സഞ്ചരിക്കാറുണ്ട്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാരുടെ സുരക്ഷാര്‍ഥം ചുങ്കം മുതല്‍ കോളജ് ഭാഗം വരെ കൈവരികളോടു കൂടിയ നടപ്പാത വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
അതിനിടെ വില്ലേജ് വളവില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയും ഇരട്ടിപ്പിക്കുന്നു. എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ വട്ടമ്പലം ആശുപത്രി വരെ ദേശീയപാതയില്‍ നിരവധി വളവുകളുണ്ട്.
പൊതുവേ ദേശീയപാതയില്‍ മഴ സമയത്ത് വളവുകളും ഇറക്കവുമുള്ള ഭാഗത്തെല്ലാം അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അധികൃതര്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.