തിരുവഴിയാട് വില്ലേജിലെ വിവാദ മരംമുറി: സ്വകാര്യ വ്യക്തികൾക്ക് വേണ്ടിയെന്ന് സൂചന
text_fieldsനെന്മാറ: തിരുവഴിയാട് വില്ലേജിൽ വിവാദമായ മരംമുറിയിൽ സ്വകാര്യ വ്യക്തികൾ ഇടപെട്ടെന്ന് സൂചന. 2000 മേയിലാണ് പൂഞ്ചേരി പുഴക്കരികിലെ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്ന മരം അയിലൂർ പഞ്ചായത്ത് അധികൃതർ മുറിച്ചു മാറ്റിയത്. എന്നാൽ അന്നത്തെ വില്ലേജ് ഉദ്യോഗസ്ഥൻ വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തി മരം ബുക്ക് ചെയ്യുകയും ലേല നടപടിക്കായി താലൂക്കിൽ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
മരം നിന്നിരുന്ന സ്ഥലത്തെ സമീപവാസിയെ സാക്ഷിയാക്കിയിരുന്നു. എന്നാൽ ആറുമാസത്തോളം മരം ലേലം ചെയ്യാൻ തയാറാകാതിരുന്ന ചിറ്റൂർ താലൂക്കിലെ റവന്യൂ മേലധികാരിക്ക് പിന്നീട് നാല് തവണ വിവരം കാണിച്ച് അന്നത്തെ വില്ലേജ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയതായി പറയുന്നു. ഇതിനിടെ സമീപവാസി കുറഞ്ഞ തുകക്ക് പഞ്ചായത്തിൽനിന്ന് മരം ലേലത്തിനെടുത്ത് വിൽപന നടത്തിയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ലേലത്തിന് വെച്ച മരം മോഷണം പോയതായി വില്ലേജ് അധികാരി താലൂക്കിലറിയിച്ചിട്ടും ഫലമുണ്ടായില്ല. റവന്യു പുറമ്പോക്കിലെ മരമായിരുന്നുവെങ്കിലും പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിലായതോടെ മരം മുറിക്കാനും ലേലം ചെയ്യാനുമുള്ള അധികാരം തദ്ദേശസ്ഥാപനത്തിനാണെന്നാണ് പഞ്ചായത്തധികൃതരുടെ വാദം.
2022ൽ മരം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം അന്നത്തെ താലൂക്ക് തഹസിൽദാർക്കും വില്ലേജ് ഉദ്യോഗസ്ഥർക്കുമാണെന്ന് കണ്ടെത്തി തുക ഈടാക്കാൻ വകുപ്പുതല നടപടി ആരംഭിച്ചു. ഇതിനിടെ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ ഭരണതലത്തിൽ സമ്മർദ്ദം ഉണ്ടാകുകയും ഒഴിവാക്കി പുതിയ ഉത്തരവിറക്കുകയും ചെയ്തു. നിലവിൽ പണമടക്കാത്തതുമൂലം ജപ്തി നോട്ടീസ് കൈപ്പറ്റിയിരിക്കുകയാണ് വകുപ്പുതല നടപടി നേരിട്ട വില്ലേജിലെ അന്നത്തെ ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.