ആ അനുമതി അഴിമതിയായിരുന്നു..
text_fieldsപാലക്കാട്: വിവാദങ്ങൾക്കൊടുവിൽ സ്വകാര്യ ക്ലബ് കെട്ടിടത്തിന് നൽകിയ അനുമതി റദ്ദാക്കി നഗരസഭ. തദ്ദേശ സ്വയംഭരണവകുപ്പ് ട്രൈബ്യൂണലിന്റെ സ്റ്റേ മറികടന്ന് ക്ലബ് നിർമിച്ച കെട്ടിടത്തിന് പാലക്കാട് നഗരസഭ മുൻ സെക്രട്ടറി ചട്ടം ലംഘിച്ച് അനുമതി നൽകുകയായിരുന്നുവെന്ന് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം വിലയിരുത്തി. വിഷയത്തിൽ വിജിലൻസിന് പരാതി നൽകാനും മുൻ സെക്രട്ടറിയുടെ കാലയളവിൽ അവർ ഒപ്പിട്ട മുഴുവൻ ഫയലുകളും പരിശോധിക്കാനും ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ചേർന്ന യോഗത്തിലാണ് നിർണായക നടപടി. സ്വകാര്യ ക്ലബിന് ചട്ടവിരുദ്ധമായി അഴിമതികൾ നൽകുക വഴി നഗരസഭക്ക് കോടികളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. വിഷയത്തിൽ പ്രഥമദൃഷ്ട്യാ വിഴ്ച സ്ഥിരീകരിച്ചതോടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫൈനാൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചർച്ചചെയ്താണ് നടപടികൾ തീരുമാനിച്ചത്.
എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ നടപടികൾ നിലനിന്നിട്ടും രേഖകൾ സ്വകാര്യമായി കൈകാര്യം ചെയ്ത് നഗരസഭാ സെക്രട്ടറി അനുമതി നൽകിയത് ഗുരുതരമായ വീഴ്ചയാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുമതി നൽകിയ ബൃഹത് നിർമാണങ്ങളും ടാക്സ് റിവിഷനടക്കമുള്ളവയും അന്വേഷിക്കണമെന്ന് വെൽഫയർ പാർട്ടി കൗൺസിലർ എം.സുലൈമാൻ ആവശ്യപ്പെട്ടു.
കൈയേറ്റങ്ങൾക്ക് വേലി
നഗരസഭ പരിധിയിൽ വിവിധ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് പരാതിയുന്നയിച്ച അംഗങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. നഗരഹൃദയത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡിനോട് ചേർന്ന് കൈയേറ്റം കണ്ടെത്തിയിട്ടും നടപടി വൈകുകയാണെന്ന് കൗൺസിലർ അനുപമ പറഞ്ഞു. നഗരസഭ ഭൂമിയിൽ കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ് നൽകി കാത്തിരിക്കുന്നത് ചട്ടമല്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്മിതേഷ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കൗൺസിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സ്റ്റേഡിയം പരിസരത്ത് കൈയേറ്റം കണ്ടെത്തിയ സ്ഥലത്ത് നിലവിൽ വേലികെട്ടാനും ഡി.പി.സി അംഗീകാരം ലഭിച്ചശേഷം മതിൽ നിർമിക്കാനും യോഗത്തിൽ തീരുമാനമായി. നിരഞ്ജൻ റോഡിൽ പുതുതായി നിർമിച്ച ചായക്കടയുമായി ബന്ധപ്പെട്ട് ഭൂമികൈയ്യേറിയതായി ആരോപണമുയർന്നു. നേരത്തെ വിഷയം അന്വേഷിച്ച് അല്ലെന്ന് ബോധ്യപ്പെട്ടതാണെന്നും നിലവിലെ ആരോപണത്തിൽ വീണ്ടും അന്വേഷണമാവാമെന്നും വൈസ് ചെയർമാൻ കൗൺസിലിനെ അറിയിച്ചു.
കൈയേറ്റമൊഴിപ്പിക്കാൻ നടപടി ആരംഭിക്കുമ്പോൾ ശിപാർശകളുമായി എത്തുന്നത് കൗൺസിലർമാർ തന്നെയാണെന്നും ആരോപണമുയർന്നു. മഞ്ഞക്കുളം പരിസരത്ത് പ്രവൃത്തിക്കുന്ന സൂപ്പർമാർക്കറ്റ്, കോട്ടമൈതാനത്തിന് സമീപം പ്രവർത്തിക്കുന്ന ചായക്കടകൾ എന്നിവയും കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കടകൾ ഉയരുന്നതും സംബന്ധിച്ച് നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ കൗൺസിൽ ചുമതലപ്പെടുത്തി.
പ്ലാസ്റ്റിക്കിൽ കുരുങ്ങിയ റോഡുകൾ
റോഡ് നിർമാണത്തിൽ നൂതനമായ എം.എസ്.എസ് നിർമാണ രീതി നടപ്പിലാക്കണമെന്ന നിർദേശമുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റോഡ് നിർമാണത്തിൽ 35 ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കാനുള്ള നിർദേശവുമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. രണ്ടാഴ്ചകൾക്കകം സർക്കാർ നിർദേശം ലഭ്യമായാൽ ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്നും എൻജിനീയർ അറിയിച്ചു.
നഗര പാതകളിൽ ബി.എം.ബി.സി പ്രവൃത്തികൾ കോയമ്പത്തൂർ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത്. ഇവരുടെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ഇവർക്ക് പ്രവൃത്തി വേഗത്തിലാക്കാൻ നോട്ടീസ് നൽകും. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിധിയിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള സ്ഥലം എ.ടി.എം സ്ഥാപിക്കാനായി ടെൻഡർ ചെയ്യാനും കൗൺസിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.