വ്യാജക്കള്ള് കേസ്: 13 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsപാലക്കാട്: വടക്കഞ്ചേരി അണക്കപ്പാറയിൽ വ്യാജക്കള്ള് നിർമാണ കേന്ദ്രം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിൽ, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എക്സൈസ് വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഷാജി എസ്. രാജൻ, നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെകടർ കെ.എസ്. പ്രഷോഭ്, കുഴൽമന്ദം റേഞ്ച് ഇൻസ്പെക്ടർ ജി. സന്തോഷ്കുമാർ, തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. അനൂപ്, പത്തനംതിട്ട എക്സൈസ് അസി. എക്സൈസ് കമീഷണർ രാജശേഖരൻ, പ്രിവൻറിവ് ഓഫിസർ എം.ആർ. സുജീബ് റോയ്, പാലക്കാട് എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി, ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മധു, കൊച്ചി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രവൻറിവ് ഓഫിസർ രാജ്കുമാർ, എറണാകുളം മധ്യമേഖല ജോയൻറ് എക്സൈസ് കമീഷണർ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണൻ നായർ, പാലക്കാട് ആൻറി നാർക്കോട്ടിക് സെല്ലിെല പ്രിവൻറിവ് ഓഫിസർമാരായ ടി.ജെ. ജയകുമാർ, ആർ. വിനോദ്കുമാർ, കുഴൽമന്ദം റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ പി.ബി. രതീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യപ്രതി സോമൻ നായർ ഉൾപ്പെടെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.
എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം സ്പിരിറ്റ് ചേർത്ത് വ്യാജക്കള്ള് നിർമാണം നടന്നിട്ടും ഇതിനെതിരെ നടപടിയെടുക്കാൻ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ തയാറായില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ചില എക്സൈസ് ഉദ്യോഗസ്ഥർ വ്യാജക്കള്ള് ലോബിയിൽനിന്ന് പണം വാങ്ങി കേന്ദ്രം നടത്തിപ്പിന് ഒത്താശ ചെയ്തതായും റിപ്പോർട്ടിലുണ്ട്. പ്രതികളുമായുള്ള ഉദ്യോഗസ്ഥ ബന്ധത്തിന് തെളിവായി മാസപ്പടി ഡയറിയും മറ്റു രേഖകളും കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിെൻറ വെളിച്ചത്തിൽ എക്സൈസ് കമീഷണറുടെ ശിപാർശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.