മുഖ്യമന്ത്രിയെ വേദിയിലിരുത്തി സി.പി.എം ജില്ല സമ്മേളനത്തിൽ പൊലീസിന് രൂക്ഷ വിമർശനം
text_fieldsപാലക്കാട്: സി.പി.എം ജില്ല സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലെ പൊതുചർച്ചയിൽ പൊലീസിനും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം.
ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനവേദിയിലിരുത്തിയാണ് പൊലീസിന്‍റെ നടപടികളെ ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചത്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽനിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടുന്നത്. ഇത് തിരുത്തപ്പെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രമുഖ നേതാവായ പി.കെ. ശശിക്കെതിരെയും പ്രതിനിധികൾ രൂക്ഷ വിമർശനമുന്നയിച്ചു. വനിത നേതാവിന്‍റെ പരാതിയിൽ നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തത് തെറ്റായ കീഴ്വഴക്കമാണെന്ന് വിമർശനമുയർന്നു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം പത്രങ്ങളിൽ പരസ്യം നൽകിയതിനെതിരെയും പ്രതിനിധികൾ രംഗത്തെത്തി. പുതുശ്ശേരി, പട്ടാമ്പി ഏരിയ കമ്മിറ്റി പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്. കണ്ണമ്പ്ര ഭൂമിയിടപാടിൽ ജില്ല സെക്രട്ടേറിയറ്റംഗം സി.കെ. ചാമുണ്ണി മാത്രമല്ല കുറ്റക്കാരനെന്നും കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. ചാമുണ്ണിക്ക് മുകളിലുള്ളവർക്കും ഇടപാടിൽ പങ്കുണ്ട്. ഒറ്റപ്പാലത്ത് സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയുണ്ടായില്ലെന്നും വിമർശനമുയർന്നു. പ്രധാന നേതാക്കൾ പലരും ചേരിതിരിഞ്ഞാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന നേതാക്കൾ ജില്ലയിൽ കൂട്ടായ പ്രവർത്തനം നടത്തുന്നില്ലെന്നും പരാതിയുയർന്നു.
ചില തൽപരകക്ഷികളുടെ ചട്ടുകം മാത്രമായി ജില്ല സെക്രട്ടറി മാറിയെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ഞായറാഴ്ച ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും. ആരോപണങ്ങളെത്തുടര്‍ന്ന് രണ്ടാമൂഴത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയ പി.കെ. ശശിയെ ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ശശി അനുകൂലികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, കെ.ടി.ഡി.സി ചെയര്‍മാര്‍ സ്ഥാനത്തെത്തി അധികമാകാത്തതിനാല്‍ ശശിയെ പരിഗണിക്കാനിടയില്ല. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ. ചന്ദ്രന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ചര്‍ച്ചകളിലുള്ളത്. സമവായ സ്ഥാനാർഥിയായി വി. ചെന്താമരാക്ഷനും പരിഗണിക്കപ്പെട്ടേക്കാം.
പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പാലക്കാട്: സി.പി.എം ജില്ല സമ്മേളനം പൊതുസമ്മേളനത്തോടെ ഞായറാഴ്ച സമാപിക്കും. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ശനിയാഴ്ച പൊതുചർച്ച പൂർത്തിയായി.
വിവിധ ഏരിയകളിൽ നിന്ന് 45 പ്രതിനിധികൾ പൊതുചർച്ചയിൽ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രനും സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മറുപടി പറഞ്ഞു.
ഞായറാഴ്ച രാവിലെ ജില്ല കമ്മിറ്റി, സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് കോട്ടമൈതാനത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പാലക്കാടും പരിസരപ്രദേശങ്ങളുമൊഴികെയുള്ള മുഴുവൻ ലോക്കൽ കമ്മിറ്റികളിലും ബിഗ്സ്ക്രീനിൽ തത്സമയം കാണിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, എം.സി. ജോസഫൈൻ, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കും.
സെമിനാർ ഉദ്ഘാടനം ചെയ്തു
പാലക്കാട്: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി കോട്ടമൈതാനത്ത് നടന്ന 'കർഷക സമരവിജയവും വർഗസമരവും' സെമിനാർ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, മിൽമ ചെയർമാൻ മണി, പി.കെ. സുധാകരൻ, ടി.ആർ. അജയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.