പാലക്കാട്ടെ സി.പി.എമ്മിൽ പ്രാദേശിക വിഭാഗീയതയെന്ന് വിമർശനം
text_fieldsപാലക്കാട്: ജില്ലയിലെ സി.പി.എമ്മിൽ പ്രാദേശിക വിഭാഗീയത രൂക്ഷമെന്ന് വിമർശനം. ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ആളെക്കൂട്ടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പുതുശ്ശേരി, കുഴൽമന്ദം ഏരിയ കമ്മറ്റികൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്. കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിയെ ഏരിയ കമ്മറ്റിയിൽനിന്ന് ഒഴിവാക്കിയത് വിഭാഗീയതയാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനുമോളെ ജില്ല സമ്മേളന പ്രതിനിധിയാക്കാതെ തോൽപിച്ചതിലും വിഭാഗീയതെന്നാണ് വിമർശനം.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തും ചെര്‍പ്പുളശ്ശേരിയിലും ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റിരുന്നു. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ 13 പേരും തോറ്റു. എസ്.എഫ്.ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി അബ്ദുറഹ്മാന് അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍മന്ദം ഏരിയ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്. ഏരിയ കമ്മിറ്റിയുടെ പാനലില്‍ കോങ്ങാട് എം.എല്‍.എ കെ. ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. പൊന്മല എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണൻ, എ. രാമകൃഷ്ണൻ, ഷൈജു എന്നിവര്‍ അബ്ദുറഹ്മാന് അനുകൂലികളാണ്.
ചെര്‍പ്പുളശ്ശേരി ഏരിയ സമ്മേളനത്തില്‍ പി.കെ. ശശി പക്ഷം സര്‍വാധിപത്യം നേടുകയായിരുന്നു. ഔദ്യോഗിക പാനലില്‍ മത്സരിച്ച 13 പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍നിന്ന് പുറത്തായി.
ജില്ല സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
പാലക്കാട്: മൂന്നുദിവസം നീളുന്ന സി.പി.എം ജില്ല സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. വെള്ളിയാഴ്ച രാവിലെ പിരായിരി ഹൈടെക് ഓഡിറ്റോറിയിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന നേതാവ് സി.ടി. കൃഷ്ണൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ദീപശിഖ തെളിയിച്ചു. താൽക്കാലികമായി ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ പുഷ്പാർച്ചന നടത്തി. തുടർന്ന് ടി.എൻ. കണ്ടമുത്തെൻറ താൽക്കാലിക അധ്യക്ഷതയിൽ സ്വാഗതസംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി രക്തസാക്ഷി പ്രമേയവും ഇ.എൻ. സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ താൽക്കാലിക കമ്മിറ്റികളെയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന-സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയോടെ സമ്മേളനത്തിെൻറ ആദ്യ ദിനം സമാപിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് പൊതുചർച്ചയോടെ സമ്മേളനം ആരംഭിക്കും. ഉച്ചക്ക് 12ന് ചർച്ച സമാപിക്കും. തുടർന്ന് ജില്ല സെക്രട്ടറിയും മറ്റ് സംസ്ഥാന നേതാക്കളും ചർച്ചക്ക് മറുപടി പറയും. ഞായറാഴ്ച ജില്ല കമ്മിറ്റി അംഗങ്ങളെയും ജില്ല സെക്രട്ടറിയെയും തെരഞ്ഞെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിൽ പിണറായി വിജയനെ കൂടാതെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, എളമരം കരീം, എം.സി. ജോസഫൈൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ, ബോബി ജോൺ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ബെമൽ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം –സി.പി.എം
പാലക്കാട്: രാജ്യരക്ഷക്കായി സൈനികർ ഉപയോഗിക്കുന്ന വാഹനങ്ങളും ദ്രുത നിർമിത പാലങ്ങളുടെ ഉപകരണങ്ങളും മെട്രോ കോച്ചും നിർമിക്കുന്ന തന്ത്രപ്രധാന സ്ഥാപനമായ ബെമൽ സ്വകാര്യമേഖലക്ക് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി.പി.എം ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
പ്രവർത്തനം ആരംഭിച്ചതുമുതൽ ലാഭത്തിൽ മാത്രം പ്രവർത്തിക്കുന്ന, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബെമൽ ഇതുവരെ 20,000ത്തോളം പാസഞ്ചർ കോച്ചുകളും 3500ഓളം മെട്രോ കോച്ചും നിർമിച്ചിട്ടുണ്ട്. ലോകത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഏക മെട്രോ കോച്ച് നിർമാണ ഫാക്ടറിയും ബെമലാണ്. സൈനികർക്കും മറ്റു തന്ത്രപ്രധാനമേഖലയിലും ഉപയോഗിക്കുന്ന പതിനായിരത്തോളം ടട്രാ ട്രക്കുകളും ബെമൽ നിർമിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം 3557 കോടി രൂപ വിറ്റുവരവും 93 കോടി രൂപ ലാഭവുമുണ്ടാക്കിയ സ്ഥാപനത്തെ തുച്ഛ വിലക്ക് വിൽക്കാനാണ് കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 56,000 കോടി രൂപയുടെ ആസ്തിയും രാജ്യത്തെ പ്രധാനനഗരങ്ങളിലായി നാലായിരം ഏക്കർ ഭൂമിയും ബെമലിന് സ്വന്തമായുണ്ട്. ഇതിനു പുറമെ 12,000 കോടി രൂപയുടെ പുതിയ നിർമാണ ഓർഡറും ലഭിച്ചിട്ടുണ്ട്.
കഞ്ചിക്കോട് യൂനിറ്റ് തുടങ്ങാൻ 365 ഏക്കർ സ്ഥലം എൽ.ഡി.എഫ് സർക്കാർ 2011ൽ പാട്ടത്തിന് നൽകുകയായിരുന്നു. ഇവയുൾപ്പെടെ 1000 കോടി രൂപ വില കണക്കാക്കിയാണ് കോർപറേറ്റുകൾക്ക് വിൽക്കാനൊരുങ്ങുന്നത്. ഇത് രാജ്യരക്ഷയെ തന്നെ അപകടത്തിലാക്കുന്ന തീരുമാനമാണ്. ഇതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.