കാലവർഷക്കെടുതി; ജില്ലയിൽ 100.56 ഹെക്ടർ കൃഷിനാശം
text_fieldsപാലക്കാട്: കാലവർഷക്കെടുതിയിൽ ജില്ലയിൽ ജൂൺ ഒന്നുമുതൽ ജൂലൈ 17 വരെ ഉണ്ടായത് 100.56 ഹെക്ടർ കൃഷി നാശം. 332.40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫിസ് കണക്കാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് വാഴ കൃഷിക്കാണ്. 557 കർഷകരുടെ വിളകൾ നശിച്ചു. മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളിൽ 0.76 ഹെക്ടർ കൃഷിയാണ് നശിച്ചത്. മഴയിൽ മാത്രം കൊല്ലങ്കോട്, മണ്ണാർക്കാട്, നെന്മാറ, ഷൊർണൂർ, ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലായി 40 കർഷകരുടെ 23.69 ഹെക്ടർ കൃഷി വെള്ളത്തിലായി. 31.43 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. 25 കുലച്ച വാഴ, 1.280 ഹെക്ടർ എള്ള്, 2.400 ഹെക്ടർ പച്ചക്കറി കൃഷി, 20 ഹെക്ടർ ഞാറ്റടി തയാറാക്കിയ നെൽപ്പാടങ്ങൾ എന്നിവയാണ് കനത്ത മഴയിൽ നാശം നേരിട്ടത്.
അഗളി, മണ്ണാർക്കാട്, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്കുകളിൽ 76.12 ഹെക്ടർ കൃഷി നശിച്ചു. 486 കർഷകരുടെ വിളകളാണ് നശിച്ചത്. 297.16 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 0.250 ഹെക്ടർ പ്ലാവ്, 76 തെങ്ങ്, 33,160 കുലച്ച വാഴ, 21,230 കുലക്കാത്ത വാഴ, ടാപ്പ് ചെയ്യുന്ന റബർ 65 , ടാപ്പ് ചെയ്യാത്ത റബർ 10, 755 കുലച്ച കവുങ്ങ്, 135 കുലക്കാത്ത കവുങ്ങ്, 0.100 ഹെക്ടർ ഇഞ്ചി, 0.100 ഹെക്ടർ മഞ്ഞൾ എന്നീ വിളകളാണ് നശിച്ചത്.
വിളനാശം നേരിട്ട കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചു തുടങ്ങി. വിളകൾ ഇൻഷുർ ചെയ്തവർക്ക് ഇൻഷുറൻസ് തുകയും പ്രകൃതിക്ഷോഭം പ്രകാരമുള്ള നഷ്ടപരിഹാരവും ലഭിക്കും. 25ഓളം വിളകൾക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. എയിംസ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് വാഴ കൃഷി നഷ്ടപരിഹാരത്തിനാണെന്നും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.