സംഭരിച്ച നെല്ലിന്റെ വില ലഭിച്ചില്ല; വിളപരിപാലനം പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാൽ ഒന്നാം വിളയിറക്കലും, പരിപാലനവും പ്രതിസന്ധിയിൽ. ഒന്നാം വിളയിറക്കിയ കർഷകർക്ക് നിലവിൽ കളപറിയും, തുടർന്ന് വളപ്രയോഗവും നടത്തേണ്ട സമയമാണ്. കാലവർഷം കനത്തതിനാൽ ഭൂരിഭാഗം വയലുകളും വെള്ളത്തിനടിയിലാണ്. മഴ ശമിച്ച് വെള്ളക്കെട്ട് മാറിയിട്ടുവേണം തുടർപണികൾ നടത്താൻ. എന്നാൽ, ഇതിന് പണമില്ലാതെ നട്ടം തിരിയുകയാണ് കർഷകർ. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം കർഷകർക്കും പണം ലഭിച്ചില്ല. 36,261 കർഷകരുടെ പേമെന്റ് ഓർഡർ സപ്ലൈകോയിൽനിന്ന് എസ്.ബി.ഐ, കനറാ ബാങ്കുകളിലേക്ക് മാറിയെങ്കിലും 20,000 ഓളം കർഷകർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. ഇവർക്ക് ബാങ്കിൽനിന്ന് പണം വാങ്ങാനുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്നാണ് പറയുന്നത്. പണം ലഭിക്കാത്തതിനാൽ കടംവാങ്ങി വിളയിറക്കിയ കർഷകർക്ക് വിള പരിപാലനം പ്രതിസന്ധിയാവുകയാണ്.
കളപറിയും, വള പ്രയോഗവും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് കർഷകർ. വയലുകളിലെ കളയുടെ തോതിനുസരിച്ച് ഏക്കറിന് നാലുമുതൽ അഞ്ചുവരെ തൊഴിലാളികൾ പണിയെടുത്താൽ മാത്രമാണ് കളപറി നടത്താൻ കഴിയൂ. കളനാശിനി പ്രയോഗം നടത്താത്ത വയലുകളിൽ കൂടുതൽ തൊഴിലാളികൾ വേണ്ടിവരും. സ്ത്രീ തൊഴിലാളിക്ക് 350 മുതൽ 400 രൂപ വരെയാണ് കൂലി. ഏക്കറിന് 75 കിലോ അടിവളം ആവശ്യമാണ്. ഇതിന് 1800 രൂപ വരും. നടീൽ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ട വയലുകളിൽ കളപറിയും വളപ്രയോഗവും നടത്തണം.
അടിവളത്തിന് പകരം സബ്സിഡി നിരക്കിൽ ലഭിക്കുന്ന യൂറിയ ആണ് ഉപയോഗിക്കുന്നതെന്ന് കർഷകർ പറയുന്നു. സപ്ലൈകോയിൽനിന്ന് നെല്ലിന്റെ പണം കിട്ടാൻ വൈകുന്നത് പതിവായതോടെ കർഷകരിൽ പലരും സംഭരണം തുടങ്ങുന്നത് കാത്തുനിൽക്കാതെ പൊതുവിപണിയിൽ നെല്ല് വിറ്റഴിക്കാൻ തുടങ്ങി. മട്ടയിനങ്ങളായ ജ്യോതി, ഉമ, കാഞ്ചന എന്നിവക്ക് കിലോക്ക് 24 മുതൽ ഉയർന്ന വില പൊതുവിപണയിൽ ലഭിച്ചിരുന്നു. ഉണക്കലും, കാറ്റത്തിടലുമൊന്നും ഇല്ലാതെ വരമ്പത്തുനിന്ന് തന്നെ സ്വകാര്യ മില്ലുകാർ നെല്ലെടുക്കുന്നതിനാൽ കർഷകർക്കും ആശ്വാസമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.