കൽച്ചാടിയിൽ കാട്ടാനകളുടെ വിളയാട്ടം; വിളകൾ വ്യാപകമായി നശിപ്പിച്ചു
text_fieldsനെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ച് തിരുവഴിയാട് സെക്ഷനിലെ കാർഷിക മേഖലകളായ കൽച്ചാടി, വടക്കൻ ചിറ, ചള്ള, കോപ്പൻ കുളമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം. മലയോര മേഖലയിലെ സൗരോർജ വൈദ്യുതിവേലി മറികടന്നാണ് കാട്ടാന കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.
കർഷകരായ വടക്കൻ ചിറ രൂപൻ, തടികുളങ്ങര സാബു, ബാലചന്ദ്രൻ കല്യാണക്കണ്ടം, ചെന്താമരാക്ഷൻ, അബ്ബാസ് ഒറവൻചിറ, റീന തുടങ്ങിയ കർഷകരുടെ തെങ്ങുകളും, വിവിധ തരം വാഴകളും തോട്ടങ്ങളിൽ ഉണ്ടായിരുന്ന പ്ലാവുകളിലെ മൂപ്പാവാത്ത ചക്കകൾ വരെ തിന്നും പറിച്ചും നശിപ്പിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയിൽനിന്ന് കൊണ്ടുവന്ന ഔഷധസസ്യങ്ങളും കമുക്. ഇടവിളയായി കൃഷി ചെയ്ത തീറ്റപ്പുല്ലും നശിപ്പിച്ചിട്ടുണ്ട്. തോട്ടത്തിൽ സൂക്ഷിച്ച 35 ജൈവവള ചാക്കുകളും ആനകൾ വീശിയെറിഞ്ഞ് നശിപ്പിച്ചു. രൂപൻ എന്ന കർഷകൻ സർവകലാശാലയിൽനിന്നും മറ്റും കൊണ്ടുവന്ന പുതിയ ജനുസ്സിൽപെട്ട 50ഓളം വാഴകളാണ് കാട്ടാന ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയത്.
കാട്ടാന സ്ഥിരമായി കൃഷിയിടങ്ങളിൽ എത്തുന്നതിനാൽ അതിരാവിലെ റബർ ടാപ്പിങ്ങിന് തൊഴിലാളികൾ പോകാതായിരിക്കുകയാണ്. കാട്ടാന സ്ഥിരമായി വരുന്നയിടങ്ങളിൽ വനം വകുപ്പിന്റെ കാവൽ ഏർപ്പെടുത്തണമെന്നും കാട്ടാനകളെ നാട്ടിലിറങ്ങുന്നത് പിന്തിരിപ്പിക്കാനും നടപടി ഉണ്ടാകണമെന്നുമാണ് കർഷകരുടെ ആവശ്യം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഹോട്ട്സ്പോട്ട് ലിസ്റ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായി മരിച്ചയാളുടെ താമസസ്ഥലം ഉള്ള വില്ലേജ് പോലും ഉൾപ്പെടുത്താത്തതിലും കർഷകർ പ്രതിഷേധമറിയിച്ചു.
സ്ഥിരമായി കാട്ടാന, മാൻ, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ആക്രമണം മൂലം കാർഷിക വിള നഷ്ടം ഉണ്ടാകുന്നതിനാൽ ചെറിയ തുകക്ക് നഷ്ടപരിഹാരത്തിനായി കർഷകർ വനം വകുപ്പിനെ സമീപിക്കുന്നതിനാൽ ഈ മേഖലയിലെ കാർഷിക വിളനഷ്ടം പുറംലോകം അറിയാതെ പോകുന്നു.
അയിലൂർ പഞ്ചായത്തിലെ മലയോര മേഖലയായ ഈ മേഖലയുടെ കാർഷിക ജനവാസ ജീവിതം സംരക്ഷിക്കാൻ വനം വകുപ്പ് രാത്രികാല പട്രോളിങ് നടത്തിയും നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ മേഖലയിലേക്ക് തിരിച്ചു കയറ്റാൻ നടപടി വേണമെന്നും പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.