വിളനാശംമൂലം കർഷകർക്ക് നഷ്ടം കോടികൾ: മുതലമടക്ക് വേണം രക്ഷ പാക്കേജ്
text_fieldsമുതലമടയിലെ മാവുകളെ ബാധിക്കുന്ന കീടങ്ങളുടെ ആക്രമണത്തിൽ പ്രധാനപ്പെട്ടവ ഇലപ്പേനും തുള്ളനുമാണ്. മാവിെൻറ പൂവിലും തണ്ടിലും നീരൂറ്റിക്കുടിച്ച് പൂക്കളെ കരിച്ചുകളയുകയും ഉണ്ണിമാങ്ങകളുടെ ആരോഗ്യം ഇല്ലാതാക്കുകയുമാണ് രണ്ട് കീടങ്ങളുടെയും ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇലപ്പേനിന് പ്രതിവിധിയായി ജൈവ കീടനിയന്ത്രണം കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധർ മുന്നോട്ടുവെച്ചിരുന്നെങ്കിലും അതുകൊണ്ട് പൂർണമായും കീടബാധയെ ഒഴിപ്പിക്കാൻ സാധിച്ചില്ലെന്ന് കർഷകനായ മോഹനൻ പറയുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലായി 4600 ഹെക്ടർ അധികം മാവിൻതോട്ടങ്ങളിലാണ് ഇലപ്പേനിെൻറ ആക്രമണമുണ്ടായത്. ഇങ്ങനെ ഉണ്ടായ വിളനാശംമൂലം കർഷകർക്ക് നഷ്ടം കോടികളാണ്. കാലാവസ്ഥ മാറ്റം കാരണം പ്രത്യക്ഷപ്പെട്ട കീടങ്ങളുടെ ആക്രമണം മുതലമടയിലെ മാവ് കൃഷിയുടെ അന്തകനാകുമെന്ന് കർഷകർക്ക് ആശങ്കയുണ്ട്.
ഇലപ്പേൻ ആക്രമണം: നാലിലൊന്നായി ഉൽപാദനം
ഇലപ്പേനിെൻറ ആക്രമണംമൂലം കഴിഞ്ഞ സീസണിൽ മാത്രം ഉൽപാദനം നാലിലൊന്നായി കുറഞ്ഞു. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മുതലമടയിൽനിന്നും ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രതിദിനം 40-50 ടൺ മാങ്ങ കയറ്റിയയച്ചിരുന്നത് ഇത്തവണ ഏഴ്-എട്ട് ടൺ ആയി കുറഞ്ഞു. വിളവെടുപ്പ് നേരേത്ത ആയതിനാൽ ഉത്തരേന്ത്യൻ വിപണിയിൽ മുതലമട മാങ്ങക്ക് ഉയർന്ന വില കിട്ടിയിരുന്നു. കീടബാധ കാരണം ആ പ്രാമുഖ്യമാണ് ഇല്ലാതായത്. ആകെ ഉൽപാദനത്തിെൻറ 20-25 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്.
മാവ് പൂവിടുന്ന ഒക്ടോബർ, നവംബർ മാസങ്ങളിൽ തുടർച്ചയായി മഴ പെയ്തതും തുടർന്ന് മഞ്ഞ് വീഴ്ച ഉണ്ടായതും കാരണം ഒന്നരമാസം വൈകി ഡിസംബറോടെയാണ് മാവ് പൂത്തുതുടങ്ങിയത്. തുടർച്ചയായി മൂന്നാം വർഷവും ഇലപ്പേനിെൻറ ആക്രമണം ഉണ്ടായതോടെ പൂക്കൾ കരിഞ്ഞുപോകുന്ന സഥിതിയും വന്നു. നീര് ഉൗറ്റിക്കുടിക്കുന്ന ഇലപ്പേൻ കീടബാധ നിയന്ത്രാണാതീതമാണെന്ന് കർഷകർ പറയുന്നു. മുമ്പില്ലാത്ത വിധം ജനുവരിയിലും ഫെബ്രുവരിയിലും ചൂട് കൂടിയതും ഉണ്ണിമാങ്ങ കൊഴിയാൻ കാരണമാണ്. മൂന്നു വർഷത്തിനിടെ 30 മുതൽ 40 ശതമാനം വെര ഉൽപാദനം ഇടിഞ്ഞതായി കർഷകർ പറയുന്നു.
കീടനിയന്ത്രണം ഫലപ്രദമായില്ല
ഇലപ്പേനിന് പ്രതിവിധിയായി കേരള കാർഷിക സർവകലാശാല നിർദേശിച്ച ജൈവ കീടനാശിനി മുതലമടയിലെ 10 തോട്ടങ്ങളിൽ ആദ്യഘട്ടമായി പരീക്ഷിച്ചിരുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 20 മില്ലി കലർത്തിയാണ് ഇത് ഉപയോഗിക്കുന്നത്. മഞ്ഞു മൂടിക്കെട്ടിയ കാലാവസ്ഥയുള്ള സമയത്താണ് മാവിെൻറ തണ്ടിൽനിന്നും ഇലപ്പേൻ മുട്ട വിരിഞ്ഞ് പുറത്തുവരാറുള്ളത്. മുൻകൂട്ടി മാവിൻതണ്ടിൽ കീടനാശിനി ഉപയോഗിച്ചാൽ കീടങ്ങളെ നിയന്ത്രിക്കാനാകുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
എന്നാൽ, കീടങ്ങളുടെ പ്രജനനത്തിന് സഹായകമായ കാലാവസ്ഥ ആയതിനാൽ കീടനിയന്ത്രണം പൂർണമായും ഫലപ്രദമായിട്ടില്ല. തുള്ളൻ എന്ന കീടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതും ദോഷകരമായി. കീടങ്ങളുടെ ആക്രമണം മൂലം പൂക്കൾ രണ്ടുതവണ കരിഞ്ഞുകൊഴിയുന്നു. മൂന്നാം തവണയാണ് മാവുകൾ കായ്ക്കുന്നത്. ഇതുമൂലം ഡിസംബറിൽ വിളവെടുപ്പ് ആരംഭിക്കേണ്ട മുതലമടയിലെ മാന്തോപ്പുകളിൽ വിളവെടുപ്പ് വൈകുന്നു. കഴിഞ്ഞ സീസണിൽ മാർച്ച് അവസാന വാരത്തിലാണ് വിളവെടുപ്പ് ആരംഭിച്ചത്.
മാവുകൾ മുറിച്ച് കർഷകർ; പ്രശ്നം പഠിക്കാൻ വിദഗ്ധ സംഘം
കീടബാധ കാരണം ഉൽപാദനം കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പ് വെള്ളാരംകടവിലും ചപ്പക്കാടും കർഷകർ മാവുകൾ മുറിച്ചുമാറ്റിയിരുന്നു. രണ്ടിടത്തുമായി 16 ഏക്കറോളം സ്ഥലത്തെ മാവുകളാണ് കർഷകർ മുറിച്ചത്. ഇൗ വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാന്തോപ്പുകൾ സന്ദർശിച്ച വിദഗ്ധ സംഘം കർഷകരുടെ പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ തയാറായിട്ടുണ്ട്. സീസണിെൻറ ആദ്യം മുതൽ മുതലമടയിൽ പ്രത്യേകം ശ്രദ്ധ ഉണ്ടാകുമെന്നും വളപ്രയോഗം, കീടനിയന്ത്രണം എന്നിവയിലെല്ലാം കൃത്യമായ മാർഗനിർദേശം നൽകുമെന്നും പട്ടാമ്പി പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കിയിരുന്നു.
ഒട്ടുമാവുകളിൽ ഒരു പ്രായം കഴിഞ്ഞാൽ ഉൽപാദനക്കുറവ് സംഭവിക്കുക പതിവാണെന്നും വിദഗ്ധർ അന്ന് വിലയിരുത്തി. എന്നാൽ, കീടങ്ങളുടെ ആക്രമണം തടയാൻ ഫലപ്രദമായ മാർഗം നിർദേശിക്കാൻ ഇപ്പോഴും ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. കാലവസ്ഥ മാറ്റം കീടങ്ങൾക്ക് വളരാൻ അനുകൂല സാഹചര്യമൊരുക്കുേമ്പാൾ കാർഷിക വിദഗ്ധർ മുന്നോട്ടുെവക്കുന്ന നിയന്ത്രണ നടപടികൾ ഒന്നുംതന്നെ ലക്ഷ്യത്തിലെത്താതെ പോകുകയാണ്. വില്ലനായി രാസകീടനാശി പ്രയോഗവും കീടനിയന്ത്രണത്തിന് രാസകീടനാശിനി ഉപയോഗിക്കുന്ന കർഷകരും മുതലമടയിലുണ്ട്. പൂക്കൾ കരിഞ്ഞു ഉണങ്ങുന്നതിന് കാരണമാകുന്ന പുഴുക്കൾക്കും കീടങ്ങൾക്കുമെതിരെ അറ്റകൈ പ്രയോഗം എന്ന നിലക്കാണ് കർഷകർ രാസകീടനാശിനി പ്രേയാഗിക്കുന്നത്.
സർക്കാർ നിരോധിച്ചതും നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കീടനാശിനികളും ചിലർ ഉപയോഗിക്കുന്നുണ്ട്. വീര്യമേറിയ ഇത്തരം കീടനാശിനികൾ പ്രതികൂല ഫലമാണ് ഉണ്ടാക്കുകയെന്നും കൃഷിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യുമെന്നും അധികൃതർ പറയുന്നു.
കൃഷി വകുപ്പിെൻറ നിരന്തര ബോധവത്കരണത്തെ തുടർന്ന് വലിയൊരളവിൽ മുതലമടയിൽ രാസകീടനാശിനി പ്രയോഗം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇൗ പ്രതിസന്ധിഘട്ടത്തിൽ സർക്കാറിെൻറ കൈത്താങ്ങിലാണ് അവരുടെ പ്രതീക്ഷ. കീടബാധ ഫലപ്രദമായി തടയാൻ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നിരീക്ഷണവും കൃഷി വകുപ്പിെൻറ സഹായവും അവർ പ്രതീക്ഷിക്കുന്നു. കൃഷിയുടെ പുനരുജ്ജീവനത്തിന് സാമ്പത്തിക സഹായവും തുടർ പദ്ധതികളും ആവശ്യമാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.