കെ. ശങ്കരനാരായണന് വിടചൊല്ലാൻ ജനാവലി
text_fieldsപാലക്കാട്: ത്യാഗനിർഭരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ മുതിര്‍ന്ന കണ്ണിക്ക് വിടചൊല്ലി നാട്. കോൺഗ്രസ് വില്ലേജ് കമ്മിറ്റി സെക്രട്ടറി മുതൽ മന്ത്രി, ഗവർണർ പദങ്ങളിലേക്ക് അർപ്പണമനോഭാവവും സംശുദ്ധപ്രവര്‍ത്തനവും മാത്രം കൈമുതലാക്കി വളർന്ന പ്രിയ നേതാവിന് വിടചൊല്ലാൻ വഴിയരികിലടക്കം കാത്തുനിന്നത് ആയിരങ്ങൾ.
മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ മരണവാർത്ത പുറത്തുവന്ന ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വൈകീട്ട് മുതൽ നൂറുകണക്കിന് പ്രവർത്തകരും സുഹൃത്തുക്കളുമാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാനും അന്തിമോപചാരമർപ്പിക്കാനും വസതിയിലേക്ക് ഒഴുകിയെത്തിയത്. തിങ്കളാഴ്ച രാവിലെ വസതിയിലും തുടർന്ന് ഡി.സി.സി ഓഫിസിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
രാഷ്ട്രീയത്തിൽ ഗോഡ്ഫാദർമാരില്ലാതെ വളർന്ന ശങ്കരനാരായണന് നാടുനൽകുന്ന ആദരമായിരുന്നു അന്തിമോപചാരമർപ്പിക്കാൻ തടിച്ചുകൂടിയ ആയിരങ്ങൾ വെളിവാക്കിയത്. ജനനേതാവ്, മന്ത്രി, മൂന്നു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്നീ നിലകളിലെ അദ്ദേഹത്തിന്റെ സേവനത്തില്‍ ഭരണമികവും ദൃഢമായ സാമൂഹിക പ്രതിബദ്ധതയും എന്നും പ്രതിഫലിച്ചിരുന്നു.
വിദ്വേഷത്തിന്റെയോ മറ്റേതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്‌നങ്ങളെ നോക്കിക്കാണുകയും നെഹ്റുവിയന്‍ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയര്‍ത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്‍റേത്. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കണം എന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‍റേത്.
പ്രിയ നേതാവിന് നിറകണ്ണോടെ വിട നൽകി ഷൊർണൂർ
ഷൊർണൂർ: കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരുപോലെ തലപ്പൊക്കം കാണിച്ച കെ. ശങ്കരനാരായണന് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച ഷൊർണൂർ നിറമിഴികോടെ വിട നൽകി. ജനിച്ചത് തൃശൂർ ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള പൈങ്കുളം വാഴാലിക്കാവിന് തൊട്ടുള്ള കടീക്കൽ തറവാട്ടിലായിരുന്നെങ്കിലും പഠിച്ചതും രാഷ്ട്രീയ ജീവിതത്തിൽ പിച്ചവെച്ചതും ഷൊർണൂർ നെടുങ്ങോട്ടൂരുള്ള പാപ്പുള്ളി തറവാട്ടിലായിരുന്നു.
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന സി.കെ. ഗോവിന്ദൻ നായരുമായുള്ള അടുപ്പം തുടങ്ങുന്നതും ഷൊർണൂരിൽനിന്നാണ്. ഷൊർണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഒരുപ്രമുഖ പത്രത്തിന്റെ ഷൊർണൂർ ലേഖകനും ഏജന്റുമായിരുന്നു. പിന്നീട് കെ.വി.ആർ ഹൈസ്കൂൾ എന്നറിയപ്പെട്ട ഷൊർണൂർ ഹൈസ്കൂളിലായിരുന്നു പഠിച്ചത്. ഉന്നത പദവികളിലൊക്കെ എത്തിയിട്ടും ഷൊർണൂരിലെത്തുമ്പോഴെല്ലാം അദ്ദേഹം തനി സാധാരണക്കാരനും നാട്ടിൻപുറത്തുകാരനുമായിരുന്നു.
കാറിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള സന്തത സഹചാരി കെ.എസ്. ബേബിയുടെ കടമുറിയിലെത്തും. മരത്തിന്റെ സ്റ്റൂളിലിരുന്ന് ചായയും ചെറുകടിയും കഴിയ്ക്കും. വരുന്നവരോടെല്ലാം കുശലം പറയും. സമ്പന്നമായ അധികാരി കുടുംബത്തിൽ കഴിഞ്ഞതിന്റെ തലപ്പൊക്കത്തിലും ശങ്കരനാരായണന്റെ പുഞ്ചിരിയാർന്ന സൗമ്യഭാവം ഷൊർണൂരിന് മറക്കാനാകില്ല. മൃതദേഹം വഹിച്ച പ്രത്യേകമായി തയാറാക്കിയ ബസ് തിങ്കളാഴ്ച്ച വൈകീട്ട് ആറോടെയാണ് ഷൊർണൂരിലെത്തിയപ്പോൾ നൂറുകണക്കിന് പേരാണ് ആദരാഞ്ജലികളർപ്പിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.