കറന്റ് ബില്ലും വെള്ളക്കരവും അടക്കണം; അംഗൻവാടി ജീവനക്കാർ പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: കുരുന്നുകളെ അക്ഷരം പഠിപ്പിക്കേണ്ട സമയത്ത് അംഗൻവാടിയിലെ വൈദ്യുത ചാർജും വെള്ളക്കരവും അടക്കാൻ പേകേണ്ട ഗതികേടിലാണ് ജീവനക്കാർ. കിലോമീറ്ററുകൾ അകലെയുള്ള കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഓഫിസിലെത്തി സ്വന്തം കൈയിൽനിന്നും കാശെടുത്ത് ബിൽ തുക അടക്കുമ്പോഴേക്കും പാതിദിവസം പിന്നിട്ടിട്ടുണ്ടാകും. തിരിച്ചെത്തുമ്പോഴേക്കും അംഗൻവാടിയുടെ പ്രവർത്തനസമയവും കഴിയും.
വൈദ്യുത ചാർജ്, വെള്ളക്കരം, ഹരിതകർമസേനക്കുള്ള യൂസർ ഫീസ് എന്നിവയെല്ലാം അംഗൻവാടിയിലെ ജീവനക്കാരുടെ കൈയിൽനിന്ന് എടുത്ത് അടക്കേണ്ട അവസ്ഥയാണെന്ന് വടകരപ്പതി സ്വരപ്പാറ അംഗൻവാടി വർക്കർ ഉഷാകുമാരി പറയുന്നു. അടക്കുന്ന തുക സർക്കാറിൽനിന്നും എന്ന് തിരിച്ചുകിട്ടുമെന്ന് പറയാനാവില്ല. തുച്ഛമായ മാസശമ്പളത്തിന് ജോലി ചെയ്യുന്ന തങ്ങൾക്ക് ഇത്രയും ബില്ലുകൾ സ്വന്തം കൈയിൽനിന്നും എടുത്ത് കൊടുക്കുന്നത് പ്രാവർത്തികമല്ലെന്ന് ഉഷ പറയുന്നു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് അംഗൻവാടി കെട്ടിടമുള്ളത്. സെക്രട്ടറിയുടെ പേരിലാണ് ബില്ലുകൾ അടക്കുന്നത്. ഓൺലൈനായി അടക്കാനാവാത്തതിനാലാണ് നേരിട്ട് പോകേണ്ടി വരുന്നത്. ഒരു അധ്യാപികയും ഹെൽപ്പറും ഉൾപ്പെടെ രണ്ട് ജീവനക്കാരാണ് അംഗൻവാടികളിലുള്ളത്. ഒരാൾ ഇത്തരത്തിൽ പുറത്തേക്ക് പോകുമ്പോൾ കുട്ടികളെ പഠിപ്പിക്കൽ, ഭക്ഷണം തയാറാക്കൽ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും മറ്റേയാൾ ഒറ്റക്ക് നോക്കേണ്ടി വരും. അത് അംഗൻവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. വിഷയത്തിൽ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്തമാസം മുതൽ വൈദ്യുതി ബിൽ അടക്കില്ലെന്നും ഉഷാകുമാരി പറഞ്ഞു.
വൈദ്യുതി നിരക്ക് ലഭിക്കുന്നതിനായി ജില്ലയിലെ വിവിധ അംഗൻവാടികളിൽ സോളാർ സ്ഥാപിച്ചെങ്കിലും ചാർജ് കുറഞ്ഞില്ലെന്ന് മാത്രമല്ല സാധാരണ വന്നിരുന്ന ബിൽ തുകയിൽനിന്നും മാറ്റവുമുണ്ടായില്ലെന്ന് ഉഷ പറഞ്ഞു. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ‘അംഗന്‍ജ്യോതി’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ അംഗൻവാടികളിൽ സോളാർ സ്ഥാപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്.
അംഗൻജ്യോതി പദ്ധതി അംഗൻവാടികൾക്ക് സഹായകരമാകുമെന്നാണ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവേദിയിൽ വൈദ്യുതി മന്ത്രി പറഞ്ഞത്. സോളാര്‍ സ്ഥാപിക്കുന്നതിലൂടെ ചെലവ് കഴിഞ്ഞ് അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെല്ലാം വിപരീതമായാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.