സൈബർ തട്ടിപ്പ്; ഗൂഗിളിനെ സമീപിച്ച് പാലക്കാട് സൈബര്‍ പൊലീസ്
text_fieldsപാലക്കാട്: മുംബൈ പൊലീസ് എന്ന വ്യാജേന വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി ശ്രീകൃഷ്ണപുരം സ്വദേശിയുടെ 1.35 കോടി രൂപ തട്ടിയ കേസില്‍ സംഘത്തിന്റെ സാമൂഹിക അക്കൗണ്ട് വിവരങ്ങള്‍ തേടി ഗൂഗിളിനെ സമീപിച്ച് പാലക്കാട് സൈബര്‍ പൊലീസ്. കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ആസ്ഥാനത്തേക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ വിഡിയോകാള്‍ വഴി 72 കാരനെ കെണിയിലകപ്പെടുത്തിയ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, 1.35 കോടി രൂപ തട്ടിയെടുക്കാനുപയോഗിച്ച അഞ്ച് അക്കൗണ്ടുകള്‍ക്ക് പുറമെ ഈ അക്കൗണ്ടുകളില്‍നിന്ന് പണം മാറ്റിയ മുപ്പതോളം അക്കൗണ്ടുകള്‍ കൂടി അധികൃതര്‍ മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലുള്ള പണം എത്രയെന്ന് കണ്ടെത്തി തിരിച്ചു പിടിക്കാനും ശ്രമം നടന്നുവരികയാണ്.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.35 കോടി രൂപ കര്‍ണാടക, യു.പി, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള അഞ്ച് അക്കൗണ്ടുകളിലേക്കാണ് പോയിട്ടുള്ളത്. ഈ അക്കൗണ്ടില്‍ നിന്നും പണം മറ്റ് സംസ്ഥാനങ്ങളില്‍ കൂടിയുള്ള അക്കൗണ്ടുകളിലേക്ക് ഉടന്‍ മാറ്റിയതായി പൊലീസ് കണ്ടെത്തി. നിലവില്‍ മരവിപ്പിച്ച ഈ അക്കൗണ്ടുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. അക്കൗണ്ടുകളുടെ ഉടമകളെ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ഒന്നിലധികം സംസ്ഥാനങ്ങളിലുള്ള കൂടുതല്‍ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ച് തട്ടിപ്പു സംഘത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുക ഏറെ ശ്രമകരവും കാലതാമസമെടുത്തേക്കാവുന്ന ദൗത്യമാണ്. സൈബര്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ സംഭവവുമായി ബന്ധമില്ലാത്തവരുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടുകളാകാറാണ് പതിവ്. ഇതോടെ യഥാര്‍ഥ കുറ്റവാളികളിലെത്താന്‍ സാധിക്കാറില്ല. ഇത് മറികടന്നാണ് പൊലീസ് സ്റ്റേഷന് സംവിധാനങ്ങളൊരുക്കി വിഡിയോ കോളിൽ എത്തിയവരെ കണ്ടെത്താന്‍ പൊലീസ് ഗൂഗിളിന്റെ സഹായം തേടിയിരിക്കുന്നത്.
കള്ളപ്പണ ഇടപാടില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തിയാണ് വിഡിയോകോള്‍ ചെയ്തത്. അക്കൗണ്ടിലെ പണം പരിശോധനക്കായി ആര്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. പരിശോധന കഴിഞ്ഞ് തിരിച്ചുകിട്ടുമെന്ന് വിശ്വസിച്ച് ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.