സജീവമായി ഈത്തപ്പഴ വിപണി
text_fieldsപാലക്കാട്: റമദാൻ തുടങ്ങിയതോടെ ഈത്തപ്പഴ വിപണിയും ഉണർന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് 20 ശതമാനം വിലവർധനയാണ് ഇത്തവണ ഉണ്ടായത്. എങ്കിലും വിപണിയിൽ ഈത്തപ്പഴത്തിനുള്ള ആവശ്യക്കാർ കുറവല്ല. പ്രധാനമായും അറബ് രാജ്യങ്ങളായ സൗദി, ഇറാൻ തുടങ്ങി ഇറാഖ്, അഫ്ഗാനിസ്തൻ എന്നിവിടങ്ങളിൽനിന്നാണ് പാലക്കാട്ടേക്ക് ഈത്തപ്പഴമെത്തുന്നത്.
ഏകദേശം 400ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതിൽ കേരളത്തിലെ വിപണിയിൽ വിറ്റഴിയുന്നത് 20ഓളം തരത്തിലുള്ളവയാണ്. സൗദി അറേബ്യയിൽനിന്നുള്ള അജ്വയാണ് താരമെങ്കിലും ഇത്തവണ വില 1600 മുതൽ 2000 വരെയാണ്.
ഇറാനിൽനിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരി ഫാറൂഖ് പറഞ്ഞു. വലിപ്പത്തിൽ മുന്നിലുള്ള അൾജീരിയയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇനത്തിന് കിലോക്ക് 600 മുതൽ 1000 രൂപയാണ് വില. അംബറിന് 1500 രൂപയുമാണ് വിപണി വിലയെങ്കിൽ സുല്ലി, സുത്രിയ 500, സൗദിമബ്റൂൺ 900, മസൂക്ക്, സഫാരി, സക്കായി, മജ്ബൂൺ 400 മുതൽ 600 രൂപ വരെയുമാണ് വില.
പുറമെ സാധാരണ ഈത്തപ്പഴങ്ങളായ സംസം -120, സഫാവി -600, ടൂണീഷ്യൻ -320 എന്നിങ്ങനെയാണെങ്കിലും സീഡ്ലെസ് ഇനത്തിന് 400 രൂപയാണ് വില. ഈത്തപ്പഴങ്ങൾക്കുപുറമെ തുർക്കിയിലെ മുന്തിയ പഴങ്ങളായ അപ്രകോട്ട്, കാരക്ക എന്നിവക്കും ആവശ്യക്കാരെറെയാണ്. അത്തിപ്പഴത്തിനും ഡിമാൻഡാണ്.
സിറിയൻ, അഫ്ഗാൻ അത്തിപ്പഴങ്ങൾ, വിപണിയിലുണ്ടെങ്കിലും കിലോക്ക് 1400 രൂപയോളമുള്ള ടർക്കിഷ് അത്തിപ്പഴമാണ് സൂപ്പർ ഐറ്റം. ഈത്തപ്പഴങ്ങൾതന്നെ കിലോക്ക് 200രൂപ വിലയുള്ളവക്ക് ആവശ്യക്കാരേറെയാണ്. അണ്ടിപ്പരിപ്പ്, ബദാം, ഡ്രൈഫ്രൂട്ട്സ്, മിക്സഡ് ഫ്രൂട്ട്സ്, പഴച്ചാറുകൾ എന്നിവക്കും ആവശ്യക്കാരേറെയാണ്. സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിൽ ഈത്തപ്പഴ വിപണി സജീവമാണെങ്കിലും ബേക്കറികളിലെത്തുന്ന ആവശ്യക്കാരേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.