ആറുമണിക്കൂർ, 47.59 ലക്ഷം; സൗമ്യക്ക് കരുതലൊരുക്കി 'ദയ'
text_fieldsആലത്തൂർ: വൃക്കകൾ തകരാറിലായി ദുരിതത്തിലായ കാവശ്ശേരി കഴനി അയർപ്പുള്ളിയിൽ സൗമ്യക്ക് കരുതലൊരുക്കി 'ദയ ചാരിറ്റബിൾ ട്രസ്റ്റ്'. ട്രസ്റ്റും ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളും കാവശ്ശേരി പഞ്ചായത്തിലെ പൊതുപ്രവർത്തകരും കൈകോർത്തപ്പോൾ കാരുണ്യ പ്രവാഹമാണ് കാണാനായത്. ചികിത്സ സഹായത്തിനായി ചൊവ്വാഴ്ച നടത്തിയ ബക്കറ്റ് പിരിവിൽ ആറുമണിക്കൂറിൽ 47,59,791 രൂപയാണ് സമാഹരിച്ചത്. മുൻ മന്ത്രി വി.സി. കബീർ മാസ്റ്റർ പതാക ഉയർത്തി ധനസമാഹരണം ആരംഭിച്ചു. ട്രസ്റ്റ് പ്രവർത്തകർ, ഗുരുകുലം സ്കൂൾ അധ്യാപകർ, മറ്റു പൊതുപ്രവർത്തകർ എന്നിവർ ചേർന്ന് 65 സ്ക്വാഡുകളായി തിരിഞ്ഞാണ് വീടുകളിലെത്തി സംഭാവന സമാഹരിച്ചത്.
അയർപുള്ളി വീട്ടിൽ മധുവിെൻറ ഭാര്യയാണ് 24 കാരിയായ സൗമ്യ. ഇവർക്ക് നാല് വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. രോഗബാധിതയായതോടെ ഇവരുടെ ജീവിതം തന്നെ വഴിമുട്ടി. കുടുംബത്തിെൻറ ദുരിതം കേട്ടറിഞ്ഞാണ് പെരിങ്ങോട്ടുകുറുശ്ശിയിലെ ദയ ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ട് വന്നത്. അവരോടൊപ്പം അണിചേരാൻ മറ്റുള്ളവരും സന്നദ്ധരായതോടെ സംരംഭം വിജയത്തിലെത്തി.
40 ലക്ഷം രൂപയാണ് ചികിത്സക്കും മറ്റുമായി ചെലവ് കണക്കാക്കിയിരുന്നത്. ട്രസ്റ്റ് നടത്തുന്ന എട്ടാമത്തെ സംരംഭമാണിത്. ഇതുവരെ ലഭിച്ചതിൽ ഉയർന്ന സംഖ്യയാണ് ഇപ്പോൾ സ്വരൂപിച്ചത്. ചെലവിന് കണക്കാക്കിയ തുക കഴിച്ച് ബാക്കി വരുന്ന സംഖ്യ മറ്റു ഗുരുതര രോഗ ബാധിതർക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. പഞ്ചാബ് നാഷനൽ ബാങ്കിലെ സൗമ്യയുടെ ചികിത്സ സഹായ നിധി അക്കൗണ്ടിലേക്ക് സംഖ്യ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.