കുഴിയിൽ വീണ് മരണം തുടർക്കഥ
text_fieldsപാലക്കാട്: റോഡിലെ കുഴിയിൽ വീണുള്ള മരണത്തിന് ജില്ലയിൽ ഒരു ഇര കൂടി. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്ത്തൊടി സുകന്യ നിവാസിൽ സുധാകരനാണ് (65) ബുധനാഴ്ച പറക്കുന്നത്ത് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്.
2023 ഒക്ടോബർ ആറിന് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് സ്വദേശി വാക്കേല വളപ്പിൽ സാബിർ (27) മരിച്ചിരുന്നു. പാലക്കാട് - പൊന്നാനി പാതയിലെ കൂനംമൂച്ചിയിലായിരുന്നു അപകടം. 2023 ജൂൺ 15ന് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരി നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ (36) മരിച്ചിരുന്നു.
ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ ഇടുന്നതിനായി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എടുത്ത കുഴികൾ നികത്തുന്നതിലെ കാലതാമസമായിരുന്നു അപകടം വരുത്തിവെച്ചത്. എലവഞ്ചേരി പഞ്ചായത്തിലെ കരിങ്കുളത്ത് ഇത്തരം കുഴികളിലൊന്നിൽ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് തെറിച്ചുവീണാണ് വീട്ടമ്മ ടിപ്പറിന്റെ പിൻവശത്തെ ടയർ കയറി മരിച്ചത്.
തിരുനെല്ലായി പാളയം ജങ്ഷന് സമീപം റോഡിലെ കുഴിയിൽവീണ് 2021 ഏപ്രിൽ 12ന് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ജല അതോറിറ്റിയും കെ.എസ്.ഇ.ബിയും പരസ്പരം പഴിചാരി ഒതുക്കി. വിഷയത്തിൽ കലക്ടർ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകട കാരണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
റോഡ് വെട്ടി കുഴിയെടുക്കുന്ന ജല അതോറിറ്റിയുടെ അനാസ്ഥയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. ജൽജീവൻ മിഷന് വേണ്ടി കുഴിക്കുന്ന കുഴികൾ പലതും തുറന്നുകിടക്കുന്നുണ്ട്. മൂടിയെന്ന് പറയുന്ന കുഴികൾ മഴവെള്ള കുത്തൊഴുക്കിൽ ഇടിഞ്ഞുതാഴ്ന്ന് വൻ കുഴികളായിത്തീരുന്നുവെന്നും പരാതി ഉയരുന്നുണ്ട്. ഏതായാലും അപകടങ്ങൾ നിത്യസംഭവമാണ്.
ജല അതോറിറ്റിക്ക് അലംഭാവമെന്ന് നാട്ടുകാർ; ഇവിടെ നേരത്തെയും സമാന അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്
പാലക്കാട്: ജല അതോറിറ്റിയുടെ അലംഭാവമാണ് മനയ്ക്കല്ത്തൊടി സുകന്യനിവാസിൽ സുധാകരന് മരിക്കാനിടയാക്കിയതെന്ന് നാട്ടുകാർ. മൂന്ന് മാസമായി കുഴി മൂടി റോഡ് പൂർവസ്ഥിതിയിലാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതോടെ കുഴി മൂടിയ മണ്ണ് അരയടിയോളം താഴ്ന്നിറങ്ങുകയായിരുന്നു. ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. രാത്രിയിൽ സുധാകരൻ സഞ്ചരിച്ച സ്കൂട്ടർ അബദ്ധത്തിൽ കുഴിയിൽ ഇറങ്ങി നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇവിടെ നേരത്തെയും സമാന അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. സുധാകരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരത്തിലെ സമാന കുഴികൾ ഉടൻ നികത്തണമെന്നും അല്ലെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ ബാലൻ, പുത്തൂർ രമേശ്, എസ്.എം. താഹ, എസ്. സേവിയർ എന്നിവർ പ്രസ്തതാവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.