വികസന സ്വപ്നങ്ങൾ: നിയുക്ത എം.എൽ.എമാർ പ്രതികരിക്കുന്നു
text_fieldsവികസന സ്വപ്നങ്ങളെ കുറിച്ച് നിയുക്ത എം.എൽ.എമാർ മനസ് തുറക്കുന്നു.
മുൻഗണന കുടിവെള്ള പദ്ധതികൾക്ക് –അഡ്വ. കെ. ശാന്തകുമാരി
കോങ്ങാട്: നിയമസഭ മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയെന്നതാണ് പ്രഥമ മുൻഗണനയെന്ന് നിയുക്ത കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരി. കെ.വി. വിജയദാസ് എം.എൽ.എ തുടങ്ങിവെച്ച പദ്ധതികൾ യഥാസമയം പൂർത്തീകരിക്കുമെന്നും അവർ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിലെ ജലം ഉപയുക്തമാക്കി കരിമ്പ-കോങ്ങാട് കുടിവെള്ള പദ്ധതിയും പറളി-മങ്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഞാവളിൻ കടവ് കുടിവെള്ള പദ്ധതിയും തുടങ്ങിവെച്ചതാണ്. ടിപ്പു സുൽത്താൻ റോഡിേൻറയും കാഞ്ഞിരപ്പുഴ ഡാം അപ്രോച്ച് റോഡിേൻറയും നവീകരണം നടത്തും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും ഇരുമ്പകംചോല, പൂഞ്ചോല മേഖലയിലെ പൊതുവായ ആവാസ അടിസ്ഥാന മേഖല മെച്ചപ്പെടുത്താനും പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കും.
ഓടനൂർ പാലം റെയിൽവേ അടിപ്പാത പ്രശ്നം പരിഹരിച്ച് പൂർത്തീകരിക്കും. പത്ത് മുതൽ ഡിഗ്രി വരെ പഠിച്ച പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിദ്യാഭ്യാസ-തൊഴിൽ ഉന്നമനത്തിന് നൈപുണ്യവികസനകേന്ദ്രം ആരംഭിക്കുകയെന്നതാണ് സ്വപ്ന പദ്ധതി. കുടുംബശ്രീയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി. കോങ്ങാട് മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കും. ഒാരോ ഗ്രാമപഞ്ചായത്തുകളുടെയും അടിസ്ഥാന പശ്ചാത്തല വികസനത്തിനുതകുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.
ജനഹിത മനുസരിച്ച് പദ്ധതി നടപ്പാക്കും–കെ ഡി. പ്രസേനൻ
ആലത്തൂർ: ജനങ്ങൾ ആവശ്യപ്പെടുന്നതെന്തോ അതാണ് നടപ്പാക്കുകയെന്ന് ആലത്തൂരിൽനിന്ന് രണ്ടാമതും തെരഞ്ഞെടുത്ത കെ.ഡി. പ്രസേനൻ എം.എൽ.എ പറഞ്ഞു. ഞാൻ ഒന്നും മുന്നോട്ട് വെക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷവും ജനഹിതം അനുസരിച്ചാണ് പ്രവർത്തിച്ചത്. അത് തന്നെയായിരിക്കും തുടരുകയെന്നും പ്രസേനൻ പറഞ്ഞു.
മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ തുടർച്ചയുണ്ടാവും. കാർഷിക വികസനത്തിലൂന്നിയ നിറ, വിദ്യാഭ്യാസ വികസനത്തിനായുള്ള ദിശ, ആരോഗ്യമേഖലയിലെ നന്മ എന്നീ പദ്ധതികൾ തുടരുന്നതോടൊപ്പം അവ വിപുലപ്പെടുത്തും. കൂടാതെ യുവജനങ്ങൾക്കായി മറ്റൊരു പദ്ധതി കൂടി കൊണ്ടുവരുമെന്നും പ്രസേനൻ പറഞ്ഞു. എല്ലാ കാര്യങ്ങളും ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചായിരിക്കും തയാറാക്കുക. അതോടൊപ്പം ഇനിയെന്താണോ ആവശ്യം അതും പ്രാവർത്തികമാക്കാൻ കഴിയാവുന്ന വിധത്തിൽ പ്രവർത്തിക്കും. വികസനവും ജനക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാനായിരിക്കും ശ്രമിക്കുക.
വ്യവസായ മേഖലയെ ശക്തിപ്പെടുത്തും–എ. പ്രഭാകരൻ
മലമ്പുഴ: 120 കോടി രൂപയുടെ സമഗ്ര കുടിെവള്ളപദ്ധതി, മലമ്പുഴ റിങ് റോഡ് തുടങ്ങി മണ്ഡലത്തിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനാവും മുൻതൂക്കം നൽകുകയെന്ന് നിയുക്ത മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ. തകർച്ചയിലായ വാരണി പാലം പുനർനിർമിക്കും. വന്യമൃഗശല്യം തടയാൻ പദ്ധതികൾ ആവിഷ്കരിക്കും. എട്ടിമട മുതൽ കല്ലടിക്കോട് വരെ റെയിൽ ഫെൻസിങ് സ്ഥാപിച്ചാൽ ഇതിന് ഒരു പരിധിവരെ പരിഹാരമാവും. ഇതിന് കേന്ദ്ര സഹായം ആവശ്യമാണ്.
നെല്ല് അളന്നാലുടൻ കർഷകർക്ക് പി.ആർ.എസ് ലഭ്യമാക്കാനും സംഭരിച്ച നെല്ലിെൻറ പണം ഉടൻ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ മികച്ച മാതൃക പദ്ധതികൾ നടപ്പാക്കും. എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. കഞ്ചിക്കോട് വ്യവസായ മേഖലയെ ശക്തിപ്പെടുത്തും. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് വ്യവസായത്തെ സംരക്ഷിക്കുകയും ജോലി സാധ്യതകൾ വർധിപ്പിക്കുകയുംചെയ്യും. തദ്ദേശീയമായി ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.