ദേവി, കരുണയുടെ ആൾരൂപം പട്ടാമ്പിയിലെ നന്മയുടെ പ്രതീകം
text_fieldsപാലക്കാട്: സ്വാർഥ താൽപര്യങ്ങൾക്കതീതമായി പരസഹായപുണ്യം കാംഷിക്കുന്നവരാണ് യഥാർഥ വിശ്വാസി. അത്തരം വിശ്വാസിക്കൊരുദാത്തമാതൃകയുണ്ട്; ദേവി എന്ന ദേവിക. പട്ടാമ്പിയുടെ നന്മയുടെ പ്രതീകമായി ഇൗമുഖം എവിടെയും കാണാം. 30 വർഷമായി പട്ടാമ്പി നഗരത്തിൽ താമസിക്കുന്ന ഇവർ അജ്ഞാതരായ ആശ്രയമറ്റ ആർക്കും തുണയായി ഓടിയെത്തും. അപകടമരണങ്ങൾ മുതൽ അജ്ഞാതമരണങ്ങൾ വരെ കൈകാര്യം ചെയ്യാൻ പൊലീസ് ആദ്യം വിളിക്കുന്നതും ദേവിയെതന്നെ. പുരുഷൻമാർ പോലും മടിച്ചുനിൽക്കുന്നിടത്താണ് ദേവിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നത്.
15 വർഷമായി പട്ടാമ്പിയുടെ പരിസരപ്രദേശങ്ങളിൽ ട്രെയിൽ അപകട മരണങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നതും ദേവിയാണ്. ഇക്കാലയളവിൽ നൂറിലധികം അപകടമരണങ്ങൾ കൈകാര്യം ചെയ്തതായി അവർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനുപുറമേ അനാഥരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും സംസ്കാരങ്ങൾ സ്വന്തം ചെലവിൽ നടത്തികൊടുത്തിട്ടുമുണ്ട്. മാസങ്ങൾക്കുമുമ്പ് പട്ടാമ്പിയിൽ ഗതാഗതത്തിരക്ക് ഉണ്ടായപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കുന്ന ദേവിയുടെ വിഡിയോ വൈറലായിരുന്നു.
പൊലീസിന്റെ അകമഴിഞ്ഞ പിന്തുണ തന്റെ സേവനങ്ങൾക്ക് സഹായകമാണെന്നും ദേവി പറഞ്ഞു. തന്റെ സേവനപ്രവർത്തനങ്ങൾക്കെല്ലാം കൂട്ടായി പട്ടാമ്പിയിലെ ആംബുലൻസ് ഡ്രൈവർ നാസറും ഏതുസമത്തും ഓടിയെത്താറുണ്ടെന്ന് അവർ പറഞ്ഞു. പട്ടാമ്പി തിരുവേഗപ്പുറ കിഴക്കേപാട്ട് തറവാട്ടിലെ അംഗമായ ഇവർ പട്ടാമ്പി പന്തക്കൽ പറമ്പിലിലാണ് ഇപ്പോൾ താമസം. ഏകദേശം 30 കൊല്ലങ്ങൾക്കു മുമ്പാണ് ദേവിയും ഭർത്താവ് ജയദേവനും പട്ടാമ്പിയിലേക്ക് ചേക്കേറിയത്.
അന്നുമുതൽതന്നെ പട്ടാമ്പിയുടെ പരസഹായകേന്ദ്രത്തിന്റെ തുറന്ന വാതിലായിരുന്നു ഇവർ. ഭർത്താവുമൊന്നിച്ച് ബിസിനസ് ചെയ്യുന്ന കാലംതൊേട്ട സാമൂഹികസേവനരംഗത്തും ഇരുവരും മുൻനിരയിലുണ്ടായിരുന്നു. അന്ന് ആരംഭിച്ച പ്രവർത്തനങ്ങൾ ഭർത്താവിന്റെ മരണശേഷവും തുടർന്നുപോരുന്നു. അഖിലേന്ത്യാ തലത്തിൽ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിറ്റിക്കൽ 24x7 സംഘടനയിൽ സജീവമായ ഇവർ പട്ടാമ്പി പെയിൻ ആൻഡ് പാലിയേറ്റിവിന്റെയും പ്രവർത്തകയാണ്. രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്.
അവനവനിലേക്കുള്ള യാത്ര പോലെ തന്നെ പ്രധാനമാണ് അപരനിലേക്കുള്ള യാത്രയും. എല്ലാവരും തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് എന്ന ചിന്തയെക്കാൾ പ്രയോജനകരമാണ് താൻ മറ്റുള്ളവർക്കുവേണ്ടിക്കൂടി ഉള്ളതാണെന്ന ചിന്ത. ദേവിയുടെ ഈ സത്പ്രവൃത്തികളെല്ലാം മറ്റുള്ളവർക്കുകൂടി മാതൃകയാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.