കോട്ടായി ഗവ. ആശുപത്രി തകർന്നുവീഴാവുന്ന നിലയിൽ; പുതിയ കെട്ടിടം അടഞ്ഞുതന്നെ
text_fieldsകോട്ടായി: സാധാരണക്കാരായ ആയിരങ്ങൾ ചികിത്സ തേടി എത്തുന്ന സർക്കാർ ആശുപത്രി കെട്ടിടം ഏതുസമയത്തും തകർന്നുവീഴാവുന്ന നിലയിൽ. ജീവനക്കാരും രോഗികളും ആശുപത്രിയിൽ കഴിയുന്നത് ഉൾക്കിടിലത്തോടെ. ദിനേന 250ൽ കുടുതൽ രോഗികൾ എത്താറുള്ള ആശുപത്രിയിൽ ഇരിക്കുന്നത് പോയിട്ട് നേരെ ചൊവ്വെ നിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്. മൂന്നുവർഷം മുമ്പ് പണി തുടങ്ങിയ പുതിയ കെട്ടിടം പണി പൂർത്തിയായില്ലെന്ന പേരിൽ ഇന്നും അടഞ്ഞുകിടക്കുകയാണ്.
കെട്ടിടം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്ന നൂറു വർഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവായിട്ടുണ്ടെങ്കിലും പുതിയ കെട്ടിടം തുറക്കാത്തതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ നിർവാഹമില്ലെന്നാണ് പറയുന്നത്.
എ.കെ. ബാലൻ തരൂർ മണ്ഡലം എം.എൽ.എ ആയിരുന്ന കാലത്ത് എം.എൽ.എയുടെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നും 60 ലക്ഷം രൂപ ചെലവഴിച്ച് പാലക്കാട് നിർമിതി കേന്ദ്രയാണ് പുതിയ കെട്ടിടം നിർമിച്ചത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രിയിൽ പുതിയ കെട്ടിടം തുറന്നുകിട്ടുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് രോഗികളും ജീവനക്കാരും.
പുതിയ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ലഭിക്കേണ്ടതുണ്ടെന്നും ഒബ്സർവേഷൻ മുറി, ഒ.പി. കൗണ്ടർ എന്നീ കാബിനുകൾ പണിയണമെന്നും ഇതിന് എൻ.എച്ച്.എം (നാഷണൽ ഹെൽത്ത് മിഷൻ) ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്നും പഞ്ചായത്ത് പ്രസിഡൻറ് എ. സതീശ് പറയുന്നു. കുടുംബാരോഗ്യ കേന്ദ്രമെന്ന് പേരുവെച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം നടന്നിട്ടില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.