നെൽകൃഷിക്ക് ഓലകരിച്ചിൽ വ്യാപിക്കുന്നു; കർഷകർ ആശങ്കയിൽ
text_fieldsപട്ടാമ്പി: ജില്ലയിൽ നെൽപ്പാടങ്ങളിൽ ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിൽ രോഗം വ്യാപകം. വ്യാപനം തീവ്രമായതിനാൽ കർഷകർ ജാഗ്രത പുലർത്തണമെന്ന് കൃഷിവിജ്ഞാനകേന്ദ്രം അറിയിച്ചു. നെല്ലിൽ പ്രധാനമായും രണ്ടുസമയത്താണ് രോഗം കാണപ്പെടുന്നത്. ഒന്ന്, ഞാറ്റടിയിലോ അല്ലെങ്കിൽ പറിച്ചുനട്ട ഉടൻ ഉണ്ടാകുന്നു.
ഞാറ്റടിയിൽ നെൽച്ചെടിയുടെ പുറത്തുള്ള ഓലകൾ മൊത്തമായി കരിഞ്ഞ് ഞാറ് പല ഭാഗങ്ങളിലായി അഴുകിനിൽക്കുന്നത് കാണാം. ഇതാണ് ക്രസക് ലക്ഷണം. രണ്ടാമതായി നെൽച്ചെടിയെ ബാധിക്കുന്നതു കതിര് വരുന്നതിനു തൊട്ടുമുമ്പാണ്. ഈ സമയത്ത് പുറത്തുള്ള ഓലകളിൽനിന്നാണ് ലക്ഷണം ആരംഭിക്കുന്നത്.
ഇലകളുടെ തലപ്പിൽനിന്ന് തുടങ്ങുന്ന മഞ്ഞളിപ്പ് താഴേക്ക് വ്യാപിക്കുന്നതാണ് ആദ്യലക്ഷണം. ചില സമയങ്ങളിൽ പച്ചയായി നിൽക്കുമ്പോൾതന്നെ ഇലകൾ ഉണങ്ങുന്നതായും കാണാറുണ്ട്. നെൽച്ചെടിയുടെ പുറത്തുള്ള ഓലകളിലാണ് ആദ്യം കരിച്ചിൽ കാണുന്നത്. ഇത് പിന്നീട് ഉള്ളിലെ ഓലകളിലേക്കും വ്യാപിക്കുന്നു.
കൊടിയോലയിലും കരിച്ചിൽ ബാധിച്ചുകഴിഞ്ഞാൽ അത് വിളവിനെ സാരമായി ബാധിക്കും. പിന്നീട് പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. അതിനാൽ പുറത്തെ ഓലകൾ കരിഞ്ഞു തുടങ്ങുമ്പോൾതന്നെ ഇതിനെതിരെയുള്ള പ്രതിവിധികൾ സ്വീകരിക്കേണ്ടതാണെന്ന് കൃഷി വിജ്ഞാനകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സന്തോമൊണാസ് ഒറൈസെ ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്.
ഈ ബാക്ടീരിയയുടെ ആക്രമണം പ്രതിരോധിക്കുന്നതിന് വിത്തിറക്കുന്ന സമയത്തു സ്യൂഡോമോണസ് 10 ഗ്രാം ഒരു കിലോ വിത്തിനു എന്ന കണക്കിൽ വിത്തിൽ പുരട്ടിക്കൊടുക്കുകയും പറിച്ചുനടുന്ന സമയത്ത് ഞാറിന്‍റെ വേര് ഒരു ഏക്കർ സ്ഥലത്തേക്കു ഒരു കിലോ സ്യൂഡോമോണസ് എന്ന കണക്കിൽ 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലായനി തയാറാക്കി അതിൽ മുക്കിയതിനുശേഷം നടുകയും ചെയ്യണം.
നട്ടു ഒരു മാസത്തിനുശേഷം 10 ഗ്രാം ഒരുലിറ്റർ എന്ന തോതിൽ ഇലകളിൽ തളിച്ചുകൊടുക്കുകയും ചെയ്യാം. രോഗം ബാധിച്ചുകഴിഞ്ഞാൽ, ചെറിയ രീതിയിലുള്ള മഞ്ഞളിപ്പ് മാത്രം ഇലകളുടെ തലപ്പത്തുനിന്ന് കാണുന്നുള്ളൂവെങ്കിൽ പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി തളിച്ച് കൊടുക്കാവുന്നതാണ്.
രോഗം അധികരിച്ച് ഇലകൾ കരിഞ്ഞുപോകുന്ന സാഹചര്യമാണെങ്കിൽ സ്ട്രെപ്റ്റോസൈക്ലിൻ എന്ന ആന്‍റിബയോട്ടിക് ആറ് ഗ്രാം 30 ലിറ്റർ വെള്ളത്തിൽ കണക്കിൽ അഥവാ 40 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ ഒരു ഏക്കർ സ്ഥലത്തേക്ക് എന്ന തോതിൽ തളിച്ച് കൊടുക്കണം.
ഇത് തളിക്കുന്നതിലൂടെ ചെടികളിലെ ബാക്ടീരിയ മാത്രമേ നശിച്ചുപോകുന്നുള്ളൂ. എന്നാൽ, മണ്ണിൽ നിലനിൽക്കുന്ന ബാക്ടീരിയയെ നശിപ്പിച്ചു കളയുന്നതിന് ബ്ലീച്ചിങ് പൗഡർ രണ്ട് കിലോ ഒരു ഏക്കറിന് എന്ന തോതിൽ 50 ഗ്രാമിന്‍റെ ചെറിയ കിഴികളാക്കി കണ്ടത്തിലെ വെള്ളത്തിൽ പലഭാഗങ്ങളിലായി ഇട്ടുകൊടുക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.