നഗരസഭ ഓഫിസിൽ ക്ലർക്കും കൗൺസിലറും തമ്മിൽ കൈയാങ്കളി
text_fieldsപാലക്കാട്: നഗരസഭ ഓഫിസിൽ റവന്യൂ വിഭാഗത്തിൽ സെക്ഷൻ ക്ലർക്കും കൗൺസിലറും തമ്മിൽ കൈയാങ്കളി. റവന്യൂ എട്ട് സെക്ഷനിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. തെറിവിളിയും കസേരയെടുത്ത് തല്ലാനോങ്ങലുമായി കൗൺസിലർ എത്തിയതായാണ് പരാതി. എതിർത്തും പ്രതിരോധിച്ചും സെക്ഷൻ ക്ലർക്കും സൂപ്രണ്ടുമുൾപ്പെടെ രംഗത്തെത്തിയതോടെ നഗരസഭ ഓഫിസ് പരിസരം പ്രക്ഷുബ്ദമായി. ഒടുവിൽ ജീവനക്കാരും നാട്ടുകാരുമെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
നഗരസഭയിലെ നടപ്പാതയോട് ചേർന്നുള്ള പരസ്യക്കരാർ സംബന്ധിച്ച് സ്വകാര്യവ്യക്തിയുടെ അപേക്ഷ വൈകിയത് അന്വേഷിക്കാൻ എത്തിയതായിരുന്നു കൗൺസിലർ മൻസൂർ മണലാഞ്ചേരി. ഫയലിൽ തീരുമാനമെടുക്കുന്നത് വൈകുന്നതിൽ ഇദ്ദേഹം ക്ഷോഭിക്കുകയായിരുന്നത്രേ. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നിർദേശാനുസരണം മാത്രമേ അപേക്ഷ അംഗീകരിക്കാവൂ എന്നതിനാലാണ് വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ, കൗൺസിലർ സെക്ഷൻ ക്ലർക്ക് അനീഷ് കുമാറിനോട് മോശമായി തട്ടിക്കയറുകയായിരുന്നെന്ന് റവന്യൂ ജീവനക്കാർ പറയുന്നു.
തല്ലാൻ കസേരയെടുക്കാനോങ്ങിയപ്പോൾ മറ്റൊരു കൗൺസിലറായ സജിത്ത് വന്ന് പിടിച്ചുമാറ്റുകയായിരുന്നു. പുറത്തിറങ്ങുമ്പോൾ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. അതേസമയം, കൗൺസിലർ എന്ന പരിഗണന നൽകാതെ മാന്യത ഇല്ലാതെയെും മോശമായും തട്ടിക്കയറി വെല്ലുവിളിച്ച് അനീഷ് സംസാരിച്ചുവെന്നാരോപിച്ച് മൻസൂർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. വിഷയം റവന്യൂ സൂപ്രണ്ടിനോട് ബോധിപ്പിക്കാൻ ചെന്നപ്പോൾ മിണ്ടാൻ തയാറായില്ലെന്നും അപ്പോൾ അനീഷ് തെറിപറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
നഗരസഭ ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചു. ജീവനക്കാർ നഗരസഭ സെക്രട്ടറിക്കും ചെയർപേഴ്സനും പരാതി നൽകി. ജീവനക്കാര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംയുക്തയോഗം തീരുമാനിച്ചു. ജനറൽ വിഭാഗം സൂപ്രണ്ട് കൃഷ്ണകുമാരി, റവന്യൂ സൂപ്രണ്ട് സുരേഷ്കുമാര്‍, ആരോഗ്യവിഭാഗം സൂപ്രണ്ട് വി. അനില്‍, സുനില്‍കുമാര്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.