പാലക്കാട് നഗരസഭയിൽ കട്ടിൽ വിവാദം; സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsപാലക്കാട്: നഗരസഭയിൽ 52 വാർഡുകളിലായി വിതരണം ചെയ്യാനിരിക്കുന്ന കട്ടിലുകൾ ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. നഗരസഭ വകയിരുത്തിയതിലും പകുതി തുക പോലും ചെലവ് വരില്ലെന്ന് ആരോപിച്ച് പാലക്കാട് േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
ഒരു വാർഡിന് 12 കട്ടിൽ വീതം 52 വാർഡുകൾക്ക് 624 കട്ടിലാണ് നഗരസഭ നിർമിച്ചിരിക്കുന്നത്. 2023 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കട്ടിൽനിർമാണം. അപേക്ഷകരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. നഗരസഭ ഈ കട്ടിൽ നിർമിച്ചത് ഒരു കട്ടിലിന് 4000 രൂപ ചെലവ് വകയിരുത്തിയാണ്. പക്ഷേ, 2000 രൂപ പോലും വിലമതിക്കാത്ത തരംതാണ മരയുരുപ്പടികളും സർട്ടിഫിക്കേഷനില്ലാത്ത പ്ലൈവുഡും ഉപയോഗിച്ചതാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് പ്രസ്താവനയിൽ ആരോപിച്ചു.
അഴിമതി വ്യക്തമാണെന്നും കട്ടിലുകൾ വിതരണം ചെയ്താൽ കോടതിയിലെ സമീപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇക്കാര്യമുന്നയിച്ച് നഗരസഭ സെക്രട്ടറിയെ േബ്ലാക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പുത്തൂർ രമേഷ്, എസ്. സേവിയർ, അനിൽ ബാലൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പ്രശോഭ് വത്സൻ, അബു പാലക്കാടൻ, കൗൺസിലർമാരായ പി.എസ്. വിപിൻ, എഫ്.ബി. ബഷീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ ദീപക് സേതുമാധവൻ, ലക്ഷ്മണൻ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.