ജില്ല വികസന സമിതി; നെല്ല് സംഭരണ തുക: ബാങ്കിലെ കാലതാമസം ഒഴിവാക്കാന്‍ അജണ്ട വേണമെന്ന് കലക്ടര്‍
text_fieldsപാലക്കാട്: നെല്ല് സംഭരണ തുക ലഭിക്കുന്നതിന് ബാങ്കുകളിലെ കാലതാമസം ഒഴിവാക്കാന്‍ അജണ്ട തയാറാക്കാന്‍ ജില്ല വികസന സമിതി യോഗത്തില്‍ കലക്ടര്‍ ഡോ. എസ്. ചിത്ര ലീഡ് ബാങ്ക് മാനേജർക്ക് നിര്‍ദേശം നൽകി. ബാങ്കുകളില്‍നിന്ന് നിലവില്‍ തുക കൊടുക്കുന്നത് വേഗത്തിലാക്കണമെന്ന കെ. ബാബു, കെ. ശാന്തകുമാരി എം.എല്‍.എ എന്നിവരുടെ ആവശ്യത്തിലാണ് നിര്‍ദേശം. നെല്ല് സംഭരണ തുക സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. കൂടാതെ ജില്ലയില്‍ 17 കേന്ദ്രങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ജലജീവന്‍ മിഷന് പ്രവൃത്തികള്‍ക്കിടെ പൈപ്പ് പൊട്ടിയാല്‍ നന്നാക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കി. പ്രവൃത്തികള്‍ക്കിടെ കുടിവെള്ളം പാഴാകുന്നതും റോഡ് തകരുന്നതും പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന മുഹമ്മദ് മുഹ്സിന് എം.എല്‍.എയുടെ ആവശ്യത്തിലാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് അടുത്തദിവസംതന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
റോഡരികുകളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങളും കൊമ്പുകളും എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി മുറിച്ചുനീക്കേണ്ട മരങ്ങളുടെ പട്ടിക ശേഖരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ലേലം വിളിച്ചിട്ടും ആരും മുറിക്കാന്‍ തയാറായില്ലെങ്കില്‍ മരങ്ങള്‍ മുറിച്ചുമാറ്റാൻ പൊതുതീരുമാനം എടുക്കണമെന്ന് എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. ലേലം നടത്തുന്നതിന് വില നിര്‍ണയത്തില്‍ പരിശോധന നടത്തണമെന്നും ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ച് കനാല്‍ നവീകരണ പ്രവൃത്തികള്‍ കൃത്യമായി നടത്തണമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാത്ത കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇത്തരക്കാര്‍ മറ്റ് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടു.
കോതക്കുറിശ്ശി 110 കെ.വി സബ് സ്റ്റേഷന് സ്ഥലം കൈമാറുന്നതിന് ലാന്‍ഡ് റവന്യൂ കമീഷണറില്‍നിന്ന് അനുമതി കിട്ടിയിട്ടില്ലെന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ഒഴലപ്പതി റോഡില്‍ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം തടയാന്‍ സ്പെഷല്‍ സ്ക്വാഡ് കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്ന് ആര്.ടി.ഒ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഈ മാസം മാത്രം 27 വാഹനങ്ങളില്‍നിന്നായി 9,88,000 രൂപ പിഴയീടാക്കിയിട്ടുണ്ടെന്നും ജെ.ആര്.ടി.ഒ അറിയിച്ചു. കരിങ്കരപ്പുള്ളി പാലം അറ്റകുറ്റപ്പണിക്ക് 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്ന് പി.ഡബ്ല്യൂ.ഡി പാലം വിഭാഗം അറിയിച്ചു. പഴയ പാലം അറ്റകുറ്റപ്പണി നടത്തി പുതിയ പാലത്തിന് ഇ-ബ്രിഡ്ജസിന് എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മുതലമടയില്‍ അഞ്ചേക്കറില്‍ മാംഗോ ഹബ്ബിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും കെ. ബാബു എം.എല്‍.എ അറിയിച്ചു. അട്ടപ്പാടിയില്‍ സിക്കിള്‍സെല്‍ അനീമിയ ബാധിതര്‍ക്ക് തുടര്‍ചികിത്സക്കായി പ്രത്യേക പാക്കേജിനുള്ള സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ കെ. ശാന്തകുമാരി എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്കി. യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. ബാബു, കെ. ശാന്തകുമാരി, എ. പ്രഭാകരന്, മുഹമ്മദ് മുഹ്സിന്, പി. മമ്മിക്കുട്ടി, പി.പി. സുമോദ്, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്, എ.ഡി.എം കെ. മണികണ്ഠന്, ആര്.ഡി.ഒ ഡി. അമൃതവല്ലി, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.