യുണിക്ക് തണ്ടപ്പേര്‍ സംവിധാനം 16 മുതല്‍ -മന്ത്രി, ജില്ലതല പട്ടയമേള നടത്തി
text_fieldsപാലക്കാട്: യുണിക്ക് തണ്ടപ്പേര്‍ സംവിധാനം മേയ് 16 മുതല്‍ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഇതോടെ രാജ്യത്ത് ആദ്യമായി യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം(യു.ടി.എസ്) നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന നയത്തിന്റെ ഭാഗമായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുഴുവന്‍ തണ്ടപ്പേരുകളും ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ പല തണ്ടപ്പേരുകളില്‍ അനധികൃതമായി ഭൂമി കൈവശം സൂക്ഷിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ പാലക്കാട് ജില്ലയെ ഇ-ഡിസ്ട്രിക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വില്ലേജുകളില്‍ ജനകീയ സമിതികള്‍ രൂപവത്കരിക്കാനും റവന്യൂ വകുപ്പിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയ മേളയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. ബാബു, കെ. പ്രേംകുമാര്‍, കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം. കെ. മണികണ്ഠന്‍, ചിറ്റൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, ടി. സിദ്ധാർഥന്‍, കെ.ആര്‍. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.