ജില്ല വനിത-ശിശു ആശുപത്രി ലിഫ്റ്റ് തകരാറിൽ
text_fieldsപാലക്കാട്: ദിനംപ്രതി നിരവധി പേർ ചികിത്സ തേടിയെത്തുന്ന ജില്ല വനിത-ശിശു ആശുപത്രിയിലെ ലിഫ്റ്റ് തകരാറിൽ. രണ്ട് ലിഫ്റ്റുകളിൽ ഒന്നാണ് സാങ്കേതിക പ്രശ്നംമൂലം ഒരാഴ്ചയോളമായി പ്രവർത്തനരഹിതമായത്. ആശുപത്രിയിൽ കിടത്തിചികിത്സയിലുള്ള ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം കോണിപ്പടികൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഓരോ തവണയും കോണിപ്പടികൾ കയറിയിറങ്ങുമ്പോഴേക്കും കുട്ടികളും പ്രായമായവരുമെല്ലാം ക്ഷീണിച്ച് അവശരാകുകയാണ്. ലിഫ്റ്റിന്റെ വാതിലിനു സമീപത്തുള്ള സെൻസർ പൊട്ടിപ്പോയതാണ് തകർച്ചക്ക് കാരണമെന്ന് പറയുന്നു. രോഗികൾ അകത്ത് കുടുങ്ങാതിരിക്കാൻ നിലവിൽ ലിഫ്റ്റ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. 10 വർഷം മുമ്പാണ് ഈ ലിഫ്റ്റ് സ്ഥാപിച്ചത്.
ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച രണ്ടാമത്തെ ലിഫ്റ്റും നേരത്തെ തകരാറിലായിരുന്നു. ലിഫ്റ്റുകളുടെ തകർച്ച രോഗികളെയും ജീവനക്കാരെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്. ഒരേ സമയം 15 പേർക്ക് കയറാവുന്ന ലിഫ്റ്റാണ് ഇവിടെയുള്ളത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് ലിഫ്റ്റ് സ്ഥാപിച്ചത്. ജില്ല പഞ്ചായത്ത് നൽകാനുള്ള തുക കുടിശ്ശികയായതിനാൽ ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് കരാർ കമ്പനി അറിയിച്ചതായി കഴിഞ്ഞയാഴ്ച നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ സൂപ്രണ്ട് അറിയിച്ചിരുന്നു.
തുടർന്ന് എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ആശുപത്രി വികസന സമിതി ചെയർപേഴ്സൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകിയിരുന്നു. ഈ ലിഫ്റ്റിന്റെ പ്രശ്നം കഴിഞ്ഞദിവസം കരാർ കമ്പനി തന്നെ പരിഹരിച്ചതായി ജില്ല വനിത ശിശു ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ തകർച്ചയിലുള്ള ലിഫ്റ്റ് നന്നാക്കാൻ ആവശ്യമുള്ള സാമഗ്രികൾ കരാർ കമ്പനി ഓർഡർ ചെയ്തിട്ടുണ്ടെന്നും ബംഗളൂരുവിൽനിന്നും ഇവ വരുന്ന മുറയ്ക്ക് ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.