മാസ്ക് ഉപേക്ഷിക്കരുതേ...
text_fieldsപാലക്കാട്: മാസ്ക് കോവിഡിനെ മാത്രമല്ല പ്രതിരോധിക്കുക, മറ്റു പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള പ്രതിരോധ കവചം കൂടിയാണ്.
മാസ്ക് ഉപയോഗമാണ് കഴിഞ്ഞ രണ്ട് വർഷവും പകർച്ചപ്പനിയടക്കം പടരാതെ നിയന്ത്രിച്ചുനിർത്തിയത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. കൈകഴുകൽ പോലുള്ള കോവിഡ് പ്രതിരോധ മാനദണ്ഡം ആരും പാലിക്കുന്നതേയില്ല. സംസ്ഥാനത്ത് പൊതുവെയും ജില്ലയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. മുന്നൂറിലേറെ പേർക്ക് ഒരു മാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. സ്കൂൾ തുറന്നതോടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. കോവിഡ് മാനദണ്ഡം ക്ലാസ്മുറികളിൽ ഉറപ്പുവരുത്തണം.
കാലവർഷം അടുത്തിരിക്കെ പകർച്ചവ്യാധി പടരാനുള്ള സാധ്യതയും വർധിച്ചു. പാലക്കാട് ജില്ലയിൽ എലിപ്പനി കണ്ടുവരുന്നുണ്ട്. അതോടൊപ്പമാണ് ലെക്കിടയിലും അലനല്ലൂരിന് അടുത്തും ഷിെഗല്ല റിപ്പോർട്ട് ചെയ്തത്.
മേയിൽ പനി ബാധിച്ച് 10,212 പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയത്. 135 പേർക്ക് കിടത്തിച്ചികിത്സ വേണ്ടിവന്നു.
13 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 61 പേരാണ് ഡെങ്കി ലക്ഷണത്തോടെ ചികിത്സതേടിയത്. പനിബാധിതർ സ്വയം ചികിത്സക്ക് നിൽക്കാതെ ഡോക്ടറെ കാണണം. വേദനാസംഹാരികളായ ഇബുപ്രൊഫെൻ, അസ്പിരിൻ എന്നിവ ഒഴിവാക്കണം.
ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, തണുത്ത് മരവിക്കുന്ന അവസ്ഥ, തളർച്ച, താഴ്ന്ന രക്തസമ്മർദം, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.