വിദ്യാർഥികളെ ഇറക്കിവിടരുത് -കലക്ടര്‍
text_fieldsപാലക്കാട്: കോഴ്സ് പ്രവേശനത്തിന് ശേഷം ആര്.ടി.ഒയുടെ യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലായെന്ന കാരണത്താല്‍ വിദ്യാർഥികളെ ബസില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്നും പ്രധാനാധ്യാപകന്റെ ഒപ്പും സീലും വെച്ചുള്ള അഡ്മിഷന് കാര്‍ഡ് പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നും ജില്ലകലക്ടര്‍ ഡോ. എസ്. ചിത്ര സ്വകാര്യ ബസ് ഉടമകള്‍ക്ക് നിര്‍ദേശം നല്കി. വിദ്യഭ്യാസ സ്ഥാപനത്തിലെ പ്രധാനാധ്യാപകന്റെ ഒപ്പും സീലും വെച്ചുള്ള അഡ്മിഷന് കാര്‍ഡ് കാണിച്ചിട്ടും വിദ്യാർഥിയെ യാത്രാഇളവ് നല്‍കാതെ ഇറക്കി വിട്ടതായുളള അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടറുടെ നിർദേശം.
വിദ്യാർഥികളുടെ യാത്രാസൗകര്യവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ആര്.ടി.ഒ ടി.എം. ജയ്സണ്‍, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ സി.എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. വിദ്യാർഥികള്‍ക്കുള്ള യാത്രനിരക്ക് ഇളവിനുളള കാര്‍ഡുകള്‍ ആഗസ്റ്റ് ആദ്യവാരത്തില്‍ നല്‍കുമെന്ന് പാലക്കാട് ആര്.ടി.ഒ ടി.എം. ജയ്സണ്‍ അറിയിച്ചു.
യാത്രപ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാർഥികള്‍ക്ക് വിവരം നല്‍കാം. വിദ്യാർഥികള്‍ക്ക് സ്വകാര്യബസുകളിലെ യാത്രാപ്രശ്നങ്ങള്‍ സംബന്ധിച്ച് 8547639009 (ആര്.ടി.ഒ, പാലക്കാട്), 0491-2905147, 9188961009 (എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ), 0491-2590040 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്ന് ആര്.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.