അമ്മ പകുത്ത വൃക്കയുമായി ഷിബുവിന്റെ ഡോക്ടറേറ്റ് നേട്ടം
text_fieldsപാലക്കാട്: പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കാനാവുമെന്ന് കുഴൽമന്ദം കണ്ണനൂർ സ്വദേശി ഷിബു പറയുേമ്പാൾ സ്വന്തം ജീവിതമാണ് സാക്ഷി. 2014ലാണ് ഷിബു കാസർകോട് കേന്ദ്ര സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണ പഠനം ആരംഭിച്ചത്. ഗവേഷണത്തിെൻറ അവസാനഘട്ടത്തിൽ 2018ലാണ് ഷിബുവിന് വൃക്കരോഗം സ്ഥിരീകരിക്കുന്നത്.
തുടർന്ന് വൃക്ക പൂർണമായി തകരാറിലായ ഷിബുവിന് വൃക്ക മാറ്റിവെക്കൽ മാത്രമായിരുന്നു പോംവഴി. 2019 ആഗസ്റ്റിൽ അമ്മ ലീലാവതിയുടെ വൃക്ക ഷിബുവിന് സ്വീകരിക്കാമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയക്ക് വിധേയനായ ഷിബു പുതുജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
സാധാരണ കുടുംബത്തിൽ ജനിച്ച ഷിബു ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രഫസറായ ഷിബു വിവിധ ദേശീയ, അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. കേരള കേന്ദ്ര സർവകലാശാലയിൽ ഫിലോസഫിയിലെ മാസ്റ്റർ പഠനത്തിെൻറ ഭാഗമായി പൂർത്തിയാക്കിയ ഗവേഷണ പ്രബന്ധം ബ്രിട്ടനിലെ കേംബ്രിജ് സ്കോളേഴ്സ് പബ്ലിഷിങ് സ്ഥാപനം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിതാവ്: ശിവരാമൻ. ഭാര്യ: പങ്കജം (അധ്യാപിക, പാലക്കാട് പി.എം.ജി ഹയർസെക്കൻഡറി സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.