പാലക്കാട് ജില്ലയിൽ ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നു
text_fieldsപാലക്കാട്: ഗാർഹിക പീഡനക്കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് വനിത കമീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു വനിത കമീഷൻ അംഗം. അദാലത്തിൽ വന്ന പരാതികളിൽ അധികവും ഗർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ സ്ത്രീകൾ മുന്നോട്ട് വരുന്നു എന്നത് ആശാവഹമാണ്. തുടർച്ചയായി നടത്തുന്ന നിയമബോധവത്കരണ ക്ലാസുകളുടെയും സെമിനാറുകളുടെയും ഫലമായാണിത്. വിവിധ സർക്കാർ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ട് ഈ പ്രവർത്തനം ഊർജിതപ്പെടുത്തും. കുടുംബപ്രശ്നങ്ങളിൽ സ്ത്രീകൾ കാണിക്കുന്ന സഹന മനോഭാവം പുരുഷന്മാർ മുതലെടുക്കുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം പ്രകടമാണ്. ഇത് ആശാവഹമാണ്.
ഹയർ സെക്കൻഡറി അധ്യാപകർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തന മികവിലുമാകണം അധ്യാപകരുടെ ശ്രദ്ധയെന്നും അനാരോഗ്യകരമായ പ്രവണതകൾ വളരാൻ അനുവദിക്കരുതെന്നും വനിത കമീഷൻ അംഗം പറഞ്ഞു. ഇതിനു പുറമേ വസ്തു സംബന്ധമായ തർക്കങ്ങളും കുടുംബ പ്രശ്നങ്ങളും അദാലത്തിൽ പരിഗണനക്കായി വന്നു.
സിറ്റിങ്ങിൽ ഏഴ് പരാതികൾ തീർപ്പാക്കി. രണ്ടെണ്ണം പൊലീസ് റിപ്പോർട്ടിന് അയച്ചു. അഞ്ച് പരാതികൾ കൗൺസലിങ്ങിന് അയച്ചു. 18 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തിൽ പങ്കെടുക്കേണ്ട എട്ട് പേർ ഹാജരായില്ല. ആകെ 40 പരാതികളാണ് പരിഗണിച്ചത്. അഡ്വ. ഷീബ രമേശ്, കൗൺസലർ ജിജിഷ ബാബു എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.