മുനിസിപ്പൽ ബസ്സ്റ്റാൻഡും സ്റ്റേഡിയം ടെർമിനലും സ്വപ്നപദ്ധതികളായി തുടരുന്നു
text_fieldsപാലക്കാട് നഗരഹൃദയത്തിൽ നല്ല കാലം കാത്ത് കിടക്കുന്ന സ്വപ്നപദ്ധതികളാണ് മുനിസിപ്പൽ ബസ്സ്റ്റാൻഡും സ്റ്റേഡിയം ടെർമിനലും. കേവലം ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിലുപരി നഗരകേന്ദ്രമായിരുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൊളിച്ചിട്ട് വർഷം രണ്ട് പിന്നിെട്ടങ്കിലും പുനർനിർമാണം എങ്ങുമെത്തിയില്ല. വെല്ലുവിളിയിൽ കിതച്ച് പാതിവഴിയിൽ നിലച്ച സ്റ്റേഡിയം ടെർമിനലാവെട്ട മോക്ഷം കാത്ത് കിടപ്പാണ്.
മുനിസിപ്പൽ സ്റ്റാൻഡ് എന്ന് ശരിയാവും
2018 ആഗസ്റ്റ് രണ്ടിന് സമീപത്തെ കെട്ടിടത്തിെൻറ ഒരു വശം ഇടിഞ്ഞുവീണതോടെയാണ് മുനിസിപ്പൽ സ്റ്റാൻഡ് ഒഴിപ്പിച്ച് പൊളിച്ചുനീക്കിയത്. സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയമെന്ന പരിശോധനാ റിപ്പോർട്ടിനെത്തുടർന്നായിരുന്നു നടപടി. 1974ൽ നിർമിച്ച കെട്ടിടത്തിൽ ഹെൽത്ത് ഓഫിസിനും സപ്ലൈ ഓഫിസിനും ലോഡ്ജിനും പുറമെ 32 കടകളും പ്രവർത്തിച്ചിരുന്നു.
2019 ഒക്ടോബറോടെ സ്റ്റാൻഡ് പൊളിച്ചുനീക്കിയെങ്കിലും പുനർനിർമാണം സംബന്ധിച്ച് അനിശ്ചിതത്വം ഇനിയും തുടരുകയാണ്. തോലനൂർ, കുത്തനൂർ, ചെർപ്പുളശ്ശേരി, കോങ്ങാട് റൂട്ടുകളിലേക്കുള്ള 86 ബസുകളാണ് സ്ഥിരമായി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തിയിരുന്നത്. കോഴിക്കോട്, മണ്ണാർക്കാട് ബസുകൾ ഇതിനിടെ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് മാറ്റി. ടോക്കൺ തുക നഗരസഭ ബജറ്റിൽ വരവുവെച്ചെങ്കിലും പദ്ധതിക്കായുള്ള തുക കണ്ടെത്തൽ ഇപ്പോഴും വെല്ലുവിളിയാണെന്ന് നഗരസഭ അധികൃതർ തന്നെ സമ്മതിക്കുന്നു. സ്വകാര്യപങ്കാളിത്തത്തോടെ പുനർനിർമാണം നടത്താനാണ് ഒടുവിൽ പരിഗണിക്കുന്നത്. പദ്ധതി സമർപ്പിച്ചാൽ സ്റ്റാൻഡ് നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം.പിയും എം.എൽ.എയും അറിയിച്ചിരുന്നു. ഇതുവരെ പദ്ധതി സമർപ്പിച്ചിട്ടില്ലെന്ന് പ്രതിപക്ഷകക്ഷികൾ പറയുന്നു.
ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന് രൂപരേഖ തയാറാക്കാൻ താൽപര്യപത്രം ക്ഷണിച്ചിരുന്നു. 10 ടെൻഡറുകൾ ലഭിച്ചെങ്കിലും തുടർ നടപടി വിവാദങ്ങളിലും തർക്കത്തിലും കുടുങ്ങി നീണ്ടു. നിലവിൽ കാടുമൂടിയ കെട്ടിടാവശിഷ്ടങ്ങൾക്ക് സമീപമൊരുക്കിയ ട്രാക്കിൽ ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും മഴയും വെയിലുമേൽക്കാതെ ഒന്നുകേറിനിൽക്കാൻ ഷെഡുപോലുമില്ലാതെയാണ് പ്രവർത്തനം.
സ്റ്റേഡിയം ടെർമിനൽ, പുല്ലുപടർന്ന സ്വപ്നം
തുടങ്ങി പാതിവഴിയിലെത്തി ഇഴയുന്ന സ്റ്റേഡിയം ബസ് ടെർമിനൽ എന്നുപൂർത്തിയാവുമെന്ന് ചോദിച്ചാൽ ഉടനെന്നാവും മറുപടി. കോവിഡും ലോക്ഡൗണും വില്ലനായതോടെയാണ് പദ്ധതികൾ ഇഴയുന്നതെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം. ഇതിനിടെ മേൽക്കൂരയുടെ നിർമാണം സംബന്ധിച്ച് തുക വകയിരുത്തിയതിലെ സാേങ്കതികപ്പിഴവടക്കം വിഷയങ്ങൾ ചീഫ് എൻജിനീയറുടെ പരിഗണനയിലാണ്.
യാർഡ് മാർക്കിങ്ങും ഇനിയും പൂർത്തിയായിട്ടില്ല. മഴയും വെയിലുമേറ്റ് നിൽക്കുന്ന തൂണുകൾക്കിടയിൽ പുല്ലുവളർന്ന് മൂടി നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.