സ്വാശ്രയ കുഴൽ കിണറിലെ വെള്ളം വറ്റി കുടിവെള്ളം മുട്ടി വണ്ടാഴി ആന്തൂർ കുളമ്പുവാസികൾ
text_fieldsവണ്ടാഴി: വണ്ടാഴി പഞ്ചായത്തിലെ ആന്തൂർകുളമ്പ് പ്രദേശത്തുകാർക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസമായി. പരാതി നൽകിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. ജലദൗർലഭ്യം നേരിടുന്ന ആന്തൂർകുളമ്പിലെ അമ്പതോളം കുടുംബങ്ങൾക്കായി വർഷങ്ങൾ മുമ്പ് സ്വാശ്രയ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനായി വണ്ടാഴി പഞ്ചായത്ത് കുഴൽക്കിണറും മോട്ടോറും സ്ഥാപിച്ചുനൽകിയിരുന്നു. പ്രദേശവാസികൾ തന്നെ പണം സമാഹരിച്ചാണ് വൈദ്യുതി ബില്ലും മറ്റു പരിപാലന ചെലവുകളും കണ്ടെത്തി നിർവഹിച്ചിരുന്നത്.
ഒരുമാസമായി കുഴൽ കിണറിൽ വെള്ളം വറ്റിയതായി പ്രദേശവാസികൾ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും ബദൽ സംവിധാനത്തിന് വണ്ടാഴി പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു. അടുത്തവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്രമേ പുതിയ കുഴൽ കിണർ നിർമിക്കാൻ കഴിയൂ എന്ന് അധികൃതർ പറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് അംഗം എം. ശിവദാസ് ഇതുസംബന്ധിച്ച് കലക്ടർക്ക് കത്തെഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രദേശവാസികളെ സമാധാനിപ്പിക്കുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ ആന്തൂർകുളമ്പിൽ നിർദിഷ്ട മംഗലം ഡാം കുടിവെള്ള പദ്ധതിയുടെ കുഴലുകൾ പോലും മേഖലയിൽ സ്ഥാപിച്ചിട്ടില്ലെന്നും പദ്ധതി ആന്തൂർ കുളമ്പിലേക്ക് ദീർഘിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ജലവിതരണം നിലച്ചതോടെ പ്രദേശവാസികൾ ഒരുകിലോമീറ്ററോളം ദൂരെനിന്ന് വെള്ളം എത്തിക്കുന്നത്. പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ വീട്ടുകാർ ദൂരെനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്ന സ്ഥിതിയാണ്.
നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ കുഴൽ കിണർ ആഴം കുറവായതിനാലാണ് വെള്ളം വറ്റിയതെന്നും കൂടുതൽ ആഴത്തിൽ കുഴൽ കിണർ കുഴിച്ച് പരിഹരിക്കണമെന്നും അതുവരെയുള്ള ജലദൗർലഭ്യം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ അയിലൂർ പഞ്ചായത്തിൽ നടത്തുന്നപോലെ ആന്തൂർകുളമ്പിലേക്ക് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അല്ലെങ്കിൽ തണ്ടലോട് കുടിവെള്ള പദ്ധതി ആന്തൂർകൊളുമ്പ് കുടിവെള്ള പദ്ധതിയിൽ ലയിപ്പിക്കുകയോ ചെയ്യണം. തൊട്ടടുത്ത മേലാർകോട് പഞ്ചായത്തിലെ ജലജീവൻ മിഷൻ പോത്തുണ്ടി കുടിവെള്ള പദ്ധതി മംഗലംഡാം കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാലും മതിയെന്ന് പ്രദേശവാസികൾ പറഞ്ഞു. സാധാരണ കിണറുകൾ നിരവധി എണ്ണം നിർമിച്ചിട്ടും വെള്ളം കിട്ടാത്ത സ്ഥലം കൂടിയാണ് ആന്തൂർകുളമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.