കുടിവെള്ളം മുട്ടിക്കുന്നെന്ന്; ജല അതോറിറ്റി യോഗം വിളിക്കാൻ പാലക്കാട് നഗരസഭ
text_fieldsപാലക്കാട്: മുന്നറിയിപ്പില്ലാതെ വിവിധ പ്രവൃത്തികളുടെ പേരിൽ കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നതിനെതിരെ നഗരസഭ കൗൺസിലിൽ അമർഷം. വേനലിന്റെ തുടക്കത്തിൽതന്നെ ഇടക്കിടെ വെള്ളം മുടങ്ങുന്നത് നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് സി.പി.എം കൗൺസിലർ സെലീന ബീവി പറഞ്ഞു. അമൃത് പ്രവൃത്തികൾ തുടങ്ങിയതു മുതൽ കുടിവെള്ള വിതരണം തടസപ്പെടുന്നു. നഗരസഭയെ അപമാനിക്കുന്ന രീതിയിൽ അറിയിപ്പില്ലാതെയാണ് ജല അതോറിറ്റി കുടിവെള്ളവിതരണം തടസപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ് അംഗം ഹസനുപ്പ പറഞ്ഞു.
റോബിൻസൺ റോഡിലും ഡി.പി.ഒ റോഡിലും പൈപ്പ് പൊട്ടിയൊഴുകി വലിയ കുഴികൾ ഉണ്ടായിരിക്കുകയാണെന്ന് കോൺഗ്രസ് കൗൺസിലർ സാജോ ജോൺ പറഞ്ഞു. തിരുനെല്ലായ്, വെണ്ണക്കര മേഖലകളിൽ കരാറുകാരൻ പണം വാങ്ങിയിട്ടും കണക്ഷൻ നൽകിയിട്ടില്ല. അപേക്ഷകരെ ഉദ്യോഗസ്ഥർ നടത്തി വലക്കുന്നു.
അമൃത് പദ്ധതിയിൽ അഴിമതിക്ക് കോപ്പുകൂട്ടുന്നുവെന്ന് കോൺഗ്രസ് കൗൺസിലർ മൻസൂർ ആരോപിച്ചു. കുടിവെള്ളവിതരണം മുടങ്ങുന്നത് സംബന്ധിച്ച് ഒരറിയിപ്പ് നൽകാൻ പോലും ജല അതോറിറ്റി നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്മിതേഷ് പറഞ്ഞു. തുടർന്ന് മാർച്ച് 15ന് കൗൺസിലർമാരും അമൃത് പദ്ധതി ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം നടത്തുമെന്നും മൂന്നുമാസത്തിൽ ഒരിക്കൽ യോഗം ചേരാൻ ശുപാർശ ചെയ്യുമെന്നും ചെയർപേഴ്സൺ പ്രിയ അജയൻ കൗൺസിലിനെ അറിയിച്ചു.
മത്സ്യമാർക്കറ്റിലും ബസ് സ്റ്റാൻഡിലും നിരക്ക് വർധിപ്പിക്കും
മേലാമുറി മത്സ്യ മാർക്കറ്റിൽ വ്യാപാരികളിൽനിന്ന് കുട്ടക്ക് ഒന്നിന് എട്ടുരൂപ വീതം തറവാടക ഈടാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അഞ്ചുരൂപയാണ് നിലവിൽ ഈടാക്കിവരുന്നത്. കഴിഞ്ഞ എട്ടുവർഷങ്ങളായി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് കൗൺസിൽ നിരീക്ഷിച്ചു. മത്സ്യമാർക്കറ്റിന്റെ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കാതെ തുകവർധിപ്പിക്കരുതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. ഒരുവർഷത്തിനകം മത്സ്യമാർക്കറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും തീരുമാനമായി. ബസ് സ്റ്റാൻഡിൽ ബസ് ഒന്നിന് നിലവിൽ 30 രൂപയാണ് ഈടാക്കുന്നത് ഇത് 40 ആക്കാനും കൗൺസിൽ തീരുമാനിച്ചു.
ഫയലിൽ കുരുങ്ങുന്ന പദ്ധതികൾ
നടപ്പുസാമ്പത്തികവർഷം അവസാനിക്കാനിരിക്കെ പദ്ധതിനിർവഹണത്തിലെ മെല്ലെപ്പോക്കിൽ എൻജിനിയറിംഗ് വിഭാഗമടക്കമുള്ളവർക്കെതിരെ കൗൺസിലർമാർ രംഗത്തെത്തി. പലരുടെയും പേരുപറഞ്ഞായിരുന്നു വിമർശനം. ഫയലുകൾ വൈകുന്നതും കാണാതാകുന്നതുമടക്കം സംഭവങ്ങൾ ഉന്നയിക്കപ്പെട്ടു.
പുതിയ സോഫ്റ്റ്വെയർ നിലവിൽ വന്നതും ഉദ്യോഗസ്ഥർക്ക് പരിശീലനം നേടേണ്ടിവന്നത് മൂലമുള്ള കാലതാമസവുമടക്കം ചൂണ്ടിക്കാട്ടി സർക്കാരിനോട് കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കത്തെഴുതണമെന്ന് മുതിർന്ന ബി.ജെ.പി കൗൺസിലർ വിശ്വൻ ആവശ്യപ്പെട്ടു. പദ്ധതിനിർവഹണത്തിൽ 15ാം സ്ഥാനത്താണ് നഗരസഭയെന്ന് സ്മിതേഷ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ 18 വരെയുള്ള എല്ലാ പ്രവൃത്തികളുടെയും പൂർത്തിയായ അത്രയും പാർട്ട് ബിൽ സമർപ്പിക്കാൻ ബന്ധപ്പെട്ട എ.ഇ മാർക്ക് നിർദേശം നൽകിയതായി എം.ഇ. അറിയിച്ചു.
വർക്ക് ഓർഡർ നൽകാനോ സൈറ്റ് ഹാൻഡ് ഓവർ ചെയ്യാനോ ചെയ്യാനാവാത്തത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ എ.ഇമാരെ വിളിച്ച് ചേർത്തിരുന്നതായി ചെയർപേഴ്സൻ പ്രിയ കെ. അജയൻ അറിയിച്ചു. പ്രൈസ് സോഫ്റ്റ്വെയറിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ പദ്ധതി നിർവഹണത്തെ ബാധിച്ചു. എം.ഇയുടെ ഭാഗത്തുനിന്ന് പ്രൈസ് സോഫ്റ്റ് വെയറിൽ വിവരങ്ങൾ നൽകുന്നതിൽ പിഴവുണ്ടായിയെന്നും ചെയർപേഴ്സൻ പറഞ്ഞു. പി.എം.എ.വൈ ഉപഭോക്താക്കളുടെ പരാതികൾ പരിഗണിക്കാൻ നഗരസഭയിൽ പ്രത്യേക അദാലത്ത് ചേരാനും കൗൺസിലിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.