തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെള്ള പദ്ധതികൾ നോക്കുകുത്തിയാകുന്നു
text_fieldsപുതുനഗരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള പദ്ധതികൾ നോക്കു കുത്തികളാവുന്നു. കേന്ദ്രസർക്കാറിന്റെ ജൽജീവൻ മിഷൻ പദ്ധതിയിലൂടെ കോടികൾ മുതൽ മുടക്കി കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കലും വീടുകൾക്ക് കണക്ഷൻ നൽകലും ദ്രുതഗതിയിൽ നടക്കുമ്പോഴാണ് അവസ്ഥ. കുടിവെള്ള വിതരണം നടത്തുവാനുള്ള സ്രോതസ്സുകൾ കണ്ടെത്തുന്നതിൽ ജൽജീവൻ മിഷന് പാളിച്ച ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിലെ കുടിവെള്ള പദ്ധതികളിലെ നാലിരട്ടിയിലധികം ഉപഭോക്താക്കളെയാണ് ജലജീവൻ മിഷനിലൂടെ ഉണ്ടാക്കി എടുത്തിട്ടുള്ളത്.
കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുമ്പോൾ വീടുകളിലേക്ക് കുടിവെള്ളം വിതരണം തടസ്സമില്ലാതെ നടത്തണമെങ്കിൽ പദ്ധതികൾ കൂടുതലായി നടപ്പിലാക്കേണ്ടതുണ്ട്. ആയതിനുള്ള നടപടികളൊന്നും നിലവിൽ എടുത്തിട്ടുമില്ല. വൈദ്യുത ചാർജ് അടക്കാത്തതിന്റെ പേരിലും നടത്തിപ്പ് കമ്മിറ്റിയായ ജനകീയ കുടിവെള്ള വിതരണ കമ്മിറ്റികൾ സുഗമമായി നടക്കാത്തതും യന്ത്ര തകരാറും വെള്ളമില്ലായ്മയും രാഷ്ട്രീയ അധിപ്രസരവും മൂലം മിക്ക സ്ഥലങ്ങളിലും മിനി കുടിവെള്ള പദ്ധതികൾ നോക്കു കുത്തികളാണ്.
എന്നാൽ, ഇത്തരം കുടിവെള്ള പദ്ധതികളെ അറ്റകുറ്റപ്പണികൾ നടത്തി സജീവമാക്കി ജലജീവൻ മിഷനിലെ കുടിവെള്ളം വിതരണം നൽകുന്ന രീതിയിലുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് നടപ്പാവുകയാണെങ്കിൽ ആയിരക്കണക്കിന് സാധാരണക്കാർക്ക് തടസ്സമില്ലാതെ കുടിവെള്ളം വിതരണം ലഭ്യമാക്കു വാൻ സാധിക്കും.
മീങ്കര, പോത്തുണ്ടി തുടങ്ങിയ കുടിവെള്ള പദ്ധതികൾ മീങ്കര ഡാമിലും പോത്തുണ്ടി ഡാമിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് ജലസംഭരണികളിലെ ജലലഭ്യതയാണ് ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയെ സജീവമാക്കി നിർത്തുന്നത്. വേനൽ ആകുമ്പോൾ മീങ്കര കുടിവെള്ള പദ്ധതിയിലെ സ്രോതസ്സായ മീങ്കര ഡാം ജലനിരപ്പ് താഴുകയും വെള്ളത്തിന്റെ നിറം മാറുകയും ചെയ്യുന്ന അവസ്ഥ വർഷങ്ങളായി തുടരുകയാണ്. കുടിവെള്ള വിതരണം സുഗമമായി നടക്കണമെങ്കിൽ എല്ലാ ജലസംഭരണികളിലും കുടിവെള്ള വിതരണ പദ്ധതികൾ ആരംഭിക്കേണ്ടതുണ്ട്.
ആയതിനുള്ള പദ്ധതികൾ സർക്കാർതലത്തിൽ എടുക്കാത്തതും ജനജീവൻ മിഷനിൽ ഗാർഹിക കണക്ഷൻ കൂടുതലായി എന്നല്ലാതെ അത്രയും കുടുംബങ്ങൾക്ക് മതിയാവോളം കുടിവെള്ളം വിതരണം ചെയ്യുന്നതിലും തടസ്സം നേരിടുകയാണ്. ഇത് പരിഹരിക്കുവാൻ ജില്ലയിലെ എല്ലാ ജലസംഭരണികളിലും കുടിവെള്ള പദ്ധതികൾ ആരംഭിക്കുകയും ജലസംഭരണികളിലെ ജലലഭ്യത വേനലിൽ കുറയാതിരിക്കാൻ ഉള്ള പദ്ധതി സർക്കാർ നടപ്പാക്കണമെന്നുമുള്ള ആവശ്യം ജനങ്ങൾക്കിടയിൽ വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.