പാലക്കാട് നഗരസഭയിലെ കുടിവെള്ള പ്രശ്നം; ഉടൻ പരിഹാരമെന്ന് ജല അതോറിറ്റി
text_fieldsപാലക്കാട്: നഗരസഭ പരിധിയിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവായതോടെ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും സംയുക്ത യോഗം വിളിച്ച് നഗരസഭ. ചെയർപേഴ്സൻ പ്രിയ കെ. അജയൻ അധ്യക്ഷയായ യോഗത്തിൽ ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ആർ. ജയചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് പാളിച്ചകളുണ്ടാവുന്നത് പതിവായതായി കൗൺസിലർമാർ കുറ്റപ്പെടുത്തി. ജലവിതരണം തടസ്സപ്പെടുന്നത് സംബന്ധിച്ച് മുൻകൂർ അറിയിക്കാത്തത് നഗരസഭ അധികൃതരെയും ജനങ്ങളെയും ഒരുപോലെ വലക്കുന്നതാണെന്ന് ചെയർപേഴ്സൻ പറഞ്ഞു. നഗരസഭ പരിധിയിൽ വിവിധയിടങ്ങളിൽ കുടിവെള്ളം മുടങ്ങുന്നതും പൈപ്പ് പൊട്ടുന്നതും പതിവായി. അമൃത് പദ്ധതിയുടെ ഭാഗമായി 110 കോടിയോളം ചെലവഴിച്ചിട്ടും നഗരത്തിലെ ജലവിതരണം സുഗമമാവാത്തത് ആശ്ചര്യകരമാണെന്നും ചെയർപേഴ്സൻ പറഞ്ഞു.
ജലലഭ്യതക്കൊപ്പം സംഭരണ ശുദ്ധീകരണ സംവിധാനങ്ങളുണ്ടായിട്ടും വിതരണം തുടർച്ചയായി തടസ്സപ്പെടുന്നതിൽ കൗൺസിലർമാർ രോഷം പ്രകടിപ്പിച്ചു. നഗരസഭ പരിധിയിൽ ജല കണക്ഷൻ എടുത്ത പലർക്കും ബില്ല് വന്നിട്ടും വെള്ളം കിട്ടിയിട്ടില്ല. പ്രത്യേക ടാങ്ക് സ്ഥാപിച്ചാൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ സ്ഥലങ്ങളിൽ അതിന് ശേഷവും പ്രശ്നം തുടരുന്നു. ഗാർഹിക മേഖലയിൽ രാവിലെ പത്തുവരെയെങ്കിലും ജല വിതരണം നടത്തണം. ഇത്തരം മേഖലകളിൽ റൊട്ടേഷൻ സമ്പ്രദായം പരിശോധിക്കാവുന്നതാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
പത്തുദിവസത്തിനുള്ളിൽ പരിഹാരം
മലമ്പുഴ പ്ലാന്റിൽനിന്ന് മുഴുവൻ ഫീഡർ ബെഡുകളും പ്രവർത്തനസജ്ജമാക്കാൻ നടപടി സ്വീകരിച്ചതായി സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു. ദിവസങ്ങൾ മുമ്പ് വരെ ഏഴ് ബെഡുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇത് 12 ആക്കി വർധിപ്പിച്ചു. മോട്ടോറുകൾ കത്തിയതായി നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മൂത്താന്തറയിൽ പുതുതായി നിർമിച്ച ടാങ്ക് ചാർജ് ചെയ്തത് പത്തുദിവസം മുമ്പാണ്. മാർച്ച് അവസാനിക്കുന്നതിന് മുമ്പ് ഇത് പ്രവർത്തനസജ്ജമാക്കാൻ നിർദേശം നൽകി. മാട്ടുമന്ത ടാങ്കിലേക്കുള്ള വെള്ളത്തിന്റെ അപര്യാപ്തത പരിഹരിച്ചു. അറ്റകുറ്റപ്പണി സംബന്ധിച്ച് മേൽനോട്ടത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു. എല്ലാ വാർഡുകളിലെയും ദ്രവിച്ച പൈപ്പ് ലൈനുകൾ മാറ്റും. പുതിയ കണക്ഷനുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
14 മാസമായി സർക്കാറിൽനിന്ന് ഫണ്ട് ലഭിച്ചിട്ടില്ല. ഇത് ലഭ്യമാകുന്ന മുറക്ക് കരാറുകാരുടെ പണം നൽകും. കുടിവെള്ള വിതരണം തടസ്സപ്പെടുന്നതും നിയന്ത്രണങ്ങളും കൃത്യമായി കൗൺസിലർമാരെ അറിയിക്കാൻ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ടിങ് എൻജിനീയർ ആർ. ജയചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.