കുടിവെള്ള പദ്ധതികൾ നിരവധി; ദാഹജലത്തിന് നാട്ടുകാരുടെ നെട്ടോട്ടം
text_fieldsഏഴ് വർഷം മുമ്പ് റവന്യൂ വകുപ്പ് സ്ഥാപിച്ച ടാങ്കുകളിലൊന്ന്
അലനല്ലൂർ: നിരവധി കുടിവെള്ള പദ്ധതികൾ കൊണ്ടുവന്നിട്ടും 90 ശതമാനം പദ്ധതികളും ഒരു തവണപോലും ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോയവ. കുടിവെള്ള ക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ ഏഴ് വർഷം മുമ്പ് റവന്യൂ വകുപ്പ് സ്ഥാപിച്ച വാട്ടർ കിയോസ്കുകൾക്ക് ഒരു തുള്ളി വെള്ളം പോലും നൽകാൻ കഴിഞ്ഞില്ല. ഇതിനുവേണ്ടി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച കൂറ്റൻ ടാങ്കുകൾ എന്തിനാണ് സ്ഥാപിച്ചതെന്നുപോലും ഇപ്പോഴും പലർക്കും അറിയില്ല. സ്ഥാപിച്ച ടാങ്കും സ്റ്റാൻഡും പകുതിയിലധികം നശിച്ചുപോയി. മണ്ണാർക്കാട് താലൂക്കിൽ 25ഓളം വില്ലേജുകളിൽ 191 കിയോസ്കുകളാണ് സ്ഥാപിച്ചിരുന്നത്.
അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തുകളിൽ പരിപാലനമില്ലാതെയും ഉപയോഗിക്കാതെയുമായതോടെ ഭൂരിഭാഗം ടാങ്കുകളും ടാങ്കിൽ സ്ഥാപിച്ച പൈപ്പുകളും നശിച്ചു. ചില ടാങ്കുകളിലെ അടപ്പ് പൊട്ടി പോയതോടെ മഴവെള്ളം അകത്തു കയറി കൊതുക് വളരാനുള്ള സാഹചര്യവുമുണ്ട്. പല ടാങ്കുകളും പലരും കൊണ്ടുപോയതായും പറയുന്നു. അതത് ഗ്രാമപഞ്ചായത്തുകളും വൈന്യൂ വകുപ്പും ചേർന്ന് വാഹനങ്ങളിൽ വെള്ളം എത്തിച്ച് ടാങ്കിൽ നിറക്കാനും തുടർന്ന് ടാങ്കിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴി ആവശ്യക്കാർക്ക് ശേഖരിക്കാൻ കഴിയുന്ന വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
ചില പ്രദേശങ്ങളിൽ മൂന്നും നാലും കുടിവെള്ള പദ്ധതികൾക്ക് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കാതെ നശിച്ചുപോയിട്ടുണ്ട്. കുടിവെള്ള പദ്ധതികൾ കഴിഞ്ഞ ഓരോ വർഷങ്ങളിലും സ്ഥാപിച്ചെങ്കിലും പദ്ധതികളുടെ പരാജയം കാരണം ഇപ്പോഴും പ്രദേശവാസികൾ ദാഹജലത്തിനായി കിലോമീറ്ററുകൾ താണ്ടുകയാണ്. ചിലർ വാഹനങ്ങളിൽ വെള്ളം എത്തിച്ചാണ് കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.