മങ്കര കോട്ട കോളനിയിൽ കുടിവെള്ളക്ഷാമം
text_fieldsമങ്കര: മങ്കര കോട്ട ലക്ഷം വീട് കോളനി പരിസരങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. അഞ്ച് പൊതുടാപ്പുകൾ ഉണ്ടങ്കിലും തുള്ളി കണക്കെയാണ് വെള്ളം ടാപ്പുകളിലൂടെ എത്തുന്നത്.
ഒരു കുടം നിറയാൻ അര മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്ന് കോളനിവാസികൾ പറയുന്നു. ഇതേ തുടർന്ന് പലരും ദൂരെയുള്ള സ്വകാര്യ വ്യക്തികളുടെ കിണറുകളിൽനിന്ന് തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. പൊതുടാപ്പുകളുണ്ടായിട്ടും ജലം തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയിലായതിനാൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. കോട്ട കുടിവെള്ള പദ്ധതിയിൽനിന്നാണ് വെള്ളം പമ്പ് ചെയ്ത് വരുന്നത്.
പലയിടങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാവുന്നതും പൈപ്പ് ലൈനിൽ ചളി അടിഞ്ഞുകിടക്കുന്നതും പ്രധാന കാരണമാണെന്ന് പൊതുപ്രവർത്തകൻ കൂടിയായ കോട്ടയിൽ ഉണ്ണി പറയുന്നു. പൊട്ടിയ പൈപ്പ് നന്നാക്കാനോ ചളിനീക്കാനോ ബന്ധപ്പെട്ടവർ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. പത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിന് അലയുകയാണ്. പ്രദേശത്ത് അഞ്ചു പൊതുടാപ്പുകളിലും ഇതാണ് സ്ഥിതി. പലതവണ പഞ്ചായത്തിനെയും വാർഡ് മെമ്പറെയും അറിയിച്ചങ്കിലും നടപടി ഉണ്ടായില്ലെന്നും ഒരു വർഷത്തോളമായി ഈ അവസ്ഥ തുടരുകയാണെന്നും കോളനിവാസികൾ പരാതിപ്പെട്ടു. പൊതുടാപ്പുകളിലൂടെ ജലം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് കോളനിവാസികളുടെ അടിയന്തര ആവശ്യം. എന്നാൽ ജലനിധിക്കായി പൈപ്പ് ലൈൻ കീറിയതിനാൽ പലയിടങ്ങളിലും പ്രധാന പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നതും വൈദ്യുതി ഇടക്കിടെ തടസ്സപ്പെടുന്നതുമാണ് പൊതുടാപ്പുകളിൽ വെള്ളം വേണ്ടത്ര എത്താത്തതിന് കാരണമെന്നാണ് വാർഡംഗം കെ.വി. രാമചന്ദ്രന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.