ഷൊർണൂരിൽ തടയണയും വരളുന്നു
text_fieldsഷൊർണൂർ: തടയണയുടെ കെട്ടിൽനിന്ന് നാലര കിലോമീറ്റർ ദൂരത്തോളം വെള്ളം കെട്ടി നിൽക്കുമെന്ന് പറഞ്ഞ ഷൊർണൂരിലെ തടയണയിൽ മീറ്ററുകൾ ദൂരത്തിൽ പോലും വെള്ളം കെട്ടി നിൽക്കാത്ത സ്ഥിതിയായി. ഷൊർണൂർ നഗരസഭയിലെയും പരിസര പഞ്ചായത്ത് പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായാണ് തടയണ നിർമിച്ചത്. നിലവിലെ സ്ഥിതി കുറച്ച് ദിവസം കൂടി തുടർന്നാൽ ജല അതോറിറ്റി പമ്പ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
തടയണയുടെ പ്രധാന വൃഷ്ടിപ്രദേശത്ത് പോലും വെള്ളമില്ലാതെ മണലും പൊന്തക്കാടും പരന്ന് കിടക്കുന്ന സ്ഥിതിയാണ്. ഇവിടെ അടിഞ്ഞ് കൂടിയ മണലും മറ്റും മാറ്റിയാൽ മാത്രമേ പരമാവധി വെള്ളം സംഭരിക്കാൻ കഴിയൂ. മലമ്പുഴ ഡാമിൽനിന്ന് ഒഴുക്കിയ വെള്ളം കൊണ്ടാണ് ഇത്രയും ദിവസം വലിയ കുഴപ്പമില്ലാതെ പോയത്. ഇനി കനത്ത മഴ ലഭിക്കുകയോ, ഡാമിൽ നിന്നും വീണ്ടും വെള്ളം വിടുകയോ ചെയ്തില്ലെങ്കിൽ കുടിവെള്ളം പ്രശ്നമാകാനാണ് സാധ്യത. കനത്ത വെയിലും ചൂടും കാരണം വെള്ളത്തിന്റെ ഉപഭോഗം വളരെ കൂടുതലുമാണ്. ഭാരതപ്പുഴയിലെ മറ്റ് തടയണകളിൽ ഭൂരിഭാഗത്തിന്റെയും സ്ഥിതി മറിച്ചല്ല. മാന്നന്നൂർ ഉരുക്കു തടയണയുടെ അരിക് ഭിത്തി തകർന്നത് മൂലം മൂന്ന് വർഷമായി ഇവിടെ വെള്ളം കെട്ടി നിൽക്കാത്തതും ഷൊർണൂർ തടയണയിൽ ജലലഭ്യത കുറക്കാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.