വാളയാറിൽ വീണ്ടും മയക്കുമരുന്ന് വേട്ട; തൃശൂർ സ്വദേശി പിടിയിൽ
text_fieldsപാലക്കാട്: കോയമ്പത്തൂർ-പാലക്കാട് ഹൈവേയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ 100 ഗ്രാം എം.ഡി.എം.എയുമായി തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.
തൃശൂർ വാടാനപ്പള്ളി സ്വദേശി എം. ഷിഫാസാണ് (26) പിടിയിലായത്. പാലക്കാട് എ.ഇ.സി സ്ക്വാഡും എക്സൈസ് റേഞ്ച് അധികൃതരും സംയുക്തമായി വാളയാറിൽ നടത്തിയ പരിശോധനയിലാണ് ഹൈദരാബാദിൽ നിന്ന് എറണാകുളേത്തക്ക് പോവുകയായിരുന്ന ബസിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ 1.5 കോടിയോളം രൂപ വില മതിക്കും. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കാണ് ഷിഫാസ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കൊച്ചിയിലെ നിശാപാർട്ടികളിലും ഡി.ജെ. പാർട്ടികളിലും വിതരണത്തിനാണ് ഇതെന്ന് ഷിഫാസ് മൊഴി നൽകി. മൂന്നു ദിവസത്തിനിടയിൽ പിടികൂടുന്ന രണ്ടാമത്തെ എം.ഡി.എം.എ കേസാണിത്. മുമ്പും പ്രതി ഇത്തരത്തിൽ വൻതോതിൽ മയക്കുമരുന്ന്, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവ കടത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മയക്കുമരുന്ന്
യുവാക്കൾക്കിടയിലെ ന്യൂജൻ മയക്കുമരുന്നാണ് എം.ഡി.എം.എ. വളരെ കുറച്ച് അളവിൽ ഉപയോഗിച്ചാൽ പോലും കൂടുതൽ സമയം ഉന്മാദാവസ്ഥയിൽ എത്തും. ഇത്തരത്തിൽ രാസ-മയക്കുമരുന്നുകൾ തുടർച്ചയായി ഉപയോഗിച്ചാൽ മാനസിക പ്രശ്നങ്ങളുണ്ടാകും. പതിവായി ഉപയോഗിക്കുന്നവർ മാനസിക രോഗികളായി മാറാൻ സാധ്യതയുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവർ കഞ്ചാവ്, ഹാഷിഷ് ഓയിൽ പോലുള്ളവയിൽ നിന്ന് ഇത്തരം ന്യൂജൻ മയക്കുമരുന്നുകളിലേക്ക് മാറുന്ന പ്രവണതയുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.