ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമഭേദഗതി ബിൽ; മരുന്നിന് ചികിത്സ മൂല്യം ഇല്ലെങ്കിൽ ഇറക്കുമതി തടയാൻ കേന്ദ്രത്തിന് അധികാരം
text_fieldsപാലക്കാട്: ഏതെങ്കിലും മരുന്നിന് നിർമാതാക്കൾ അവകാശപ്പെടുന്ന ചികിത്സ മൂല്യം ഇല്ലെങ്കിൽ കേന്ദ്ര സർക്കാറിന് ഗസറ്റ് വിജ്ഞാപനം വഴി അവയുടെ ഇറക്കുമതി നിരോധിക്കാൻ അധികാരം നൽകുന്ന ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്‍റെ പുതിയ കരട് ഭേദഗതി ബിൽ തയാറായി. ഏതെങ്കിലും മരുന്നിന്‍റെയോ സൗന്ദര്യവർധക വസ്തുക്കളുടെയോ ഉപയോഗം മനുഷ്യർക്കും മൃഗങ്ങൾക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിൽ അവയുടെ ഇറക്കുമതി തടയാനും കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നതാണ് കരട് നിയമം.
മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ട്രയലുകൾ, ഓൺലൈൻ ഫാർമസികൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് (ഡി.ടി.എ.ബി) രൂപവത്കരിക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് പുറമെ, മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാറുകളെയും ഉപദേശിക്കാൻ മെഡിക്കൽ ഉപകരണ സാങ്കേതിക ഉപദേശക ബോർഡ് (എം.ഡി.ടി.എ.ബി) രൂപവത്കരിക്കാൻ ബിൽ നിർദേശിക്കുന്നു. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാറുകൾ, ഡി.ടി.എ.ബി, എം.ഡി.ടി.എ.ബി എന്നിവയെ ഉപദേശിക്കാൻ കേന്ദ്രം ഡ്രഗ്സ്-മെഡിക്കൽ ഡിവൈസസ്-കോസ്മെറ്റിക്സ് കൺസൾട്ടേറ്റിവ് കമ്മിറ്റി (ഡി.എം.ഡി.സി.സി.സി) രൂപവത്കരിക്കണമെന്നും ബിൽ നിർദേശിക്കുന്നു.
ആയുർവേദം, സിദ്ധ, സോവ-രിഗ്പ (പാരമ്പര്യ തിബറ്റൻ ചികിത്സ സമ്പ്രദായം), യൂനാനി, ഹോമിയോപ്പതി മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ കൺസൾട്ടേറ്റിവ് കമ്മിറ്റി വേണമെന്നും ബില്ലിൽ പറയുന്നു. ഈ ചികിത്സ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ പിന്തുണക്കുന്നതിന് ശാസ്ത്ര ഗവേഷണ ബോർഡ് രൂപവത്കരിക്കണം.
2017ലെ മെഡിക്കൽ ഉപകരണ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി, നിർമാണം, വിൽപന, വിതരണം, ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കരട് ബില്ലിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.