അസാധുവോട്ട് ചെയ്ത മുൻ ഡി.സി.സി ജനറൽ സെക്രട്ടറിക്ക് ഉൗരുവിലക്കെന്ന്
text_fieldsപാലക്കാട്: കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ അസാധു വിവാദത്തിൽ തന്നെ വേട്ടയാടുന്നുവെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡൻറും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന എ. ആണ്ടിയപ്പു.
വോട്ട് അസാധുവായതിെൻറ പേരില്‍ തനിക്കും കുടുംബത്തിനുമെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയാണ്. അപ്രഖ്യാപിത ഉൗരുവിലക്കാണ് നിലവിലുള്ളത്. വിഷയത്തിൽ കെ.പി.സി.സി നേതൃത്വം ഇടപെട്ട് പരിഹാരം കാണണമെന്നും ആണ്ടിയപ്പു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനും സി.പി.എമ്മിനും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒരംഗമുള്ള ബി.ജെ.പി വിട്ടുനിന്നിരുന്നു. ഇതോടെ തുല്യതയില്‍ വന്ന് നറുക്കെടുപ്പില്‍ കലാശിക്കുമായിരുന്ന വോട്ടെടുപ്പിൽ ഒരു വോട്ട് അസാധുവായതിനെ തുടര്‍ന്ന് സി.പി.എം സ്ഥാനാര്‍ഥി സി. രമേഷ് കുമാര്‍ വിജയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡൻറും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ എ. ആണ്ടിയപ്പുവിെൻറ വോട്ടാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ അസാധുവായത്.
പ്രസിഡൻറ് സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച പേര് തേൻറതായിരുന്നെന്നും യു.ഡി.എഫ് അംഗങ്ങള്‍ക്ക് ഡി.സി.സി വിപ്പ് നൽകിയതായും ആണ്ടിയപ്പു പറയുന്നു. എന്നാല്‍ ഡി.സി.സി നല്കിയ വിപ്പ് പരസ്യമായി ചീന്തികളയുകയും ജാതിയുടെ പേര് വിളിച്ച് വോട്ട് ചെയ്യില്ലെന്നും ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് തെഞ്ഞെടുപ്പിന് തലേന്ന് രാത്രിയോടെ ആണ്ടിയപ്പുവിനെ മാറ്റി പകരം ആനന്ദകുമാറിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചു.
ഇക്കാര്യം തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് അറിയുന്നതെന്ന് ആണ്ടിയപ്പു പറയുന്നു. വോട്ട് അസാധുവായത് മാനസിക സമ്മർദത്താലാണെന്നും ഇത്തരം ഗൂഡാലോചനകള്‍ നടത്തിയിട്ടും പാര്‍ട്ടി നിശ്ചയിച്ച അംഗത്തിന് തന്നെയാണ് വോട്ട് ചെയ്തത്.
നിര്‍ഭാഗ്യവശാല്‍ കടുത്ത മാനസിക വിഷമം ഉണ്ടായതിനാല്‍ ബാലറ്റിന് പുറത്ത് ഒപ്പ് രേഖപ്പെടുത്താന്‍ മറന്നു പോകുകയും വോട്ട് അസാധുവാകുകയായിരുന്നെന്നും ആണ്ടിയപ്പു പറഞ്ഞു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ തെൻറ വോട്ട് കൂടി നേടി യു.ഡി.എഫ് അംഗം വൈസ് പ്രസിഡൻറാകുകയും ചെയ്തു. മനപ്പൂര്‍വമല്ലാതെ സംഭവിച്ചു പോയ കൈയബദ്ധത്തിെൻറ പേരില്‍ അതീവ ദുഃഖത്തോടെ കഴിയുമ്പോഴാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ വിവരം അറിയുന്നത്.
ഡി.സി.സി പ്രസിഡൻറ് തന്നോട് ഒരു വിധ അന്വേഷണവും നടത്താതെയാണ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തനം നടത്തിയവരുടെ വാക്കുകേട്ട് പുറത്താക്കിയതെന്നും ആണ്ടിയപ്പു ആരോപിച്ചു. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
തന്നെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആണ്ടിയപ്പു മനപ്പൂർവം വോട്ട് അസാധുവാക്കുകയായിരുന്നുവെന്നാണ് ജില്ല നേതൃത്വത്തിെൻറ നിലപാട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കുന്നതിന് എതിര്‍വിഭാഗം ശ്രമിക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിപരമായി അവഹേളിച്ചതിനും നേരത്തേ നല്കിയ വിപ്പും ചൂണ്ടിക്കാട്ടി ആണ്ടിയപ്പുവും നിയമപോരാട്ടത്തിനുള്ള നീക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.