അഴുക്കുചാലിലേക്ക് മാലിന്യം ഒഴുക്കൽ: നടപടിക്കൊരുങ്ങി ഒറ്റപ്പാലം നഗരസഭ
text_fieldsഒറ്റപ്പാലം: നിർദേശം ലംഘിച്ച് വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നടപടിയുമായി നഗരസഭ രംഗത്ത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ ഈസ്റ്റ് ഒറ്റപ്പാലത്താണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ അഴുക്കുചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ നീക്കിയാണ് പരിശോധന നടത്തുന്നത്. ചൊവ്വാഴ്ചയാണ് പരിശോധന തുടങ്ങിയത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ എട്ട് സ്ഥാപനങ്ങളിൽ നിന്നും ഒരു വീട്ടിൽ നിന്നും മാലിന്യങ്ങൾ ഒഴുക്കിവിടുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
അഴുക്കുചാലിൽ കറുപ്പ് കലർന്ന മെഴുക് രൂപത്തിലുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് ആരോഗ്യ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം കിണർ ഉൾപ്പടെ ജലാശയങ്ങളിലെ വെള്ളം മലീമസമാകാനും ഇടയാക്കുന്നുണ്ടെന്ന് പ്രദേശത്തെ കൗൺസിലർമാർ നേരത്തെ പരാതികൾ ഉന്നയിച്ചതാണ്. മഴവെള്ളം ഒഴുക്കിവിടാൻ നിർമിച്ച അഴുക്കുചാലിലേക്ക് നിയന്ത്രണങ്ങൾ മറികടന്നും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് പരാതി നിലനിൽക്കെ തന്നെ തുടരുകയാണ്.
വ്യാപാരികളെ വിളിച്ചുകൂട്ടി നഗരസഭയിൽ നടത്തിയ യോഗത്തിൽ മലിന ജലം അഴുക്കുചാലിലേക്ക് ഒഴുക്കിവിടരുതെന്ന് കർശനമായി നിർദേശിച്ചതാണെന്നും നിർദേശം ലംഘിച്ച് ഇപ്പോഴും സ്ഥിതി തുടരുന്നതാണ് നടപടികളുമായി രംഗത്തിറങ്ങാൻ ഇടയാക്കിയതെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
വിലക്ക് ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം ചാലിലേക്ക് സ്ഥാപിച്ച പൈപ്പുകൾ സ്ഥിരമായി അടക്കുമെന്നും ഉപാധ്യക്ഷൻ പറഞ്ഞു. പരിശോധന പ്രഹസനമാകരുതെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഒറ്റപ്പാലത്ത് പ്രകടനവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.