സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ
text_fieldsകൊല്ലങ്കോട്: സർക്കാർ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ച് സ്കൂൾ സമയത്ത് നിരത്തുകളിൽ ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ. സ്കൂൾ സമയങ്ങളിൽ രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ 5.30 വരെയും ടിപ്പറുകൾ നിരത്തുകളിൽ പാടില്ലെന്നാണ് നിയമമെങ്കിലും ഇവ പാലിക്കാറില്ല. നിയമം മറികടന്ന് ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടുമ്പോഴും പൊലീസും മോട്ടോർ വാഹന വകുപ്പും നോക്കുകുത്തിയാകുന്നു. മുതലമട, പല്ലശ്ശന, കൊടുവായൂർ, കൊല്ലങ്കോട്, പുതുനഗരം, പെരുവെമ്പ്, എലവഞ്ചേരി എന്നിവിടങ്ങളിൽ സ്കൂൾ സമയങ്ങളിൽ ചീറിപ്പായുന്ന ടിപ്പറുകളെ കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസ്.
അനധികൃത ക്വാറികളിൽ വിജിലൻസ് പരിശോധന നിലച്ചതും ക്വാറി ഉൽപന്നങ്ങളുമായി നിരത്തുകളിൽ ഇറങ്ങുന്ന ലോറികളെ പിടിക്കാൻ ജിയോളജി അധികൃതർക്ക് സാധിക്കാത്തതും നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിരവധി അപകടങ്ങൾക്ക് കാരണമാകുന്ന ടിപ്പർ ലോറികളുടെ നിയമലംഘനത്തിനെതിരെ വിരലനക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടാവരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എ.ഐ കാമറകൾക്കു മുന്നിലൂടെ സ്കൂൾ സമയങ്ങളിൽ കടക്കുന്ന വാഹനങ്ങളെ പിടികൂടാമെന്നിരിക്കെ മോട്ടോർ വാഹന വകുപ്പ് കണ്ണടക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.