അടിയന്തരാവസ്ഥക്കാലത്തെ കുട്ടി വിപ്ലവകാരികൾ നാളെ ഒന്നിക്കും
text_fieldsകൊടുവായൂർ: അടിയന്തരാവസ്ഥക്കാലത്തെ കുട്ടി വിപ്ലവകാരികൾ ഓർമകളുമായി ചൊവ്വാഴ്ച വീണ്ടും ഒത്തുകൂടുന്നു. 19 ഹൈസ്കൂൾ വിദ്യാർഥികളെ അതിക്രൂരമായി മർദിച്ച് പൊലീസ് പീഡിപ്പിച്ചതിന്റെ 49 വർഷങ്ങൾ കഴിഞ്ഞുള്ള ജ്വലിക്കുന്ന ഓർമകളുമായാണ് കൊടുവായൂർ കമ്യൂണിറ്റി ഹാളിൽ അവർ ഒന്നിക്കുന്നത്.
പെരുവെമ്പ് വാഴക്കോട് കെ. നാരായണൻ, കൃഷ്ണൻകുട്ടി ചോറക്കേട്, വിനോദ് കൃഷ്ണൻ കിനാശ്ശേരി, ചന്ദ്രൻ കിണാശ്ശേരി, വെള്ളപ്പൻ കിണാശ്ശേരി, വിജയൻ തണ്ണിശ്ശേരി, സുബ്രഹ്മണ്യൻ ഇലമന്ദം, രാജൻ വടക്കുംപാടം, സ്വാമിനാഥൻ വടക്കുംപാടം, കൃഷ്ണദാസ് കാക്കയൂർ, രാമദാസ് തോട്ടേക്കാട് തറ, ഹസൻ ആലത്തൂർ, ശെൽവ പെരുമാൾ കൊടുവായൂർ, നാരായണൻ നെന്മേനി, രവി എത്തന്നൂർ എന്നിവരാണ് അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് കാലം ഓർമയാക്കി ഒരുമിച്ചുകൂട്ടുന്നത്.
സംഘത്തിൽ ഉൾപ്പെട്ട ഗംഗാധരൻ തണ്ണിശ്ശേരി, ലക്ഷ്മണൻ പല്ലാവൂർ, ഗോവിന്ദൻകുട്ടി കൊടുവായൂർ, മുരുകൻ പുതുനഗരം എന്നിവർ മരിച്ചു. 1976ൽ ആഗസ്റ്റ് ആറിന് കൊടുവായൂർ സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥി സംഘർഷത്തിന്റെ പേരിലാണ് പൊലീസ് 19 ഹൈസ്കൂൾ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. കെ.എസ്.യു, എസ്.എഫ്.ഐ പ്രശ്നത്തെ തുടർന്നാണ് പൊലീസ് സ്കൂളിലെത്തിയത്. 17 എസ്.എഫ്.ഐ വിദ്യാർഥികളെയും രണ്ട് കെ.എസ്.യു വിദ്യാർഥികളെയുമാണ് പുതുനഗരം പൊലീസ് രാവിലെ ഒമ്പതരക്ക് അറസ്റ്റ് ചെയ്തത്.
വിദ്യാലയ സമീപത്ത് റോഡിലുള്ള വിദ്യാർഥികളെ പൊലീസ് പിടികൂടി അടിക്കുന്നത് കണ്ട് മറ്റു വിദ്യാർഥികളെ കൊടുവായൂർ സി.പി.എം ഓഫിസിൽ കയറ്റി വാതിൽ പൂട്ടി രക്ഷപ്പെടുത്താൻ സി.പി.എം പ്രവർത്തകൻ ശ്രമിച്ചു. എന്നാൽ, പാർട്ടി ഓഫിസിന്റെ പൂട്ടുപൊളിച്ചാണ് മർദിച്ചതെന്ന് കെ. നാരായണൻ ഓർത്തെടുത്തു.
19 വിദ്യാർഥികളെ രാത്രിയിൽ പാലക്കാട് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച് 15 ദിവസത്തെക്ക് റിമാൻഡ് ചെയ്തു. പാലക്കാട് കോട്ടക്കകത്തെ ജയിലിൽ അടച്ച വിദ്യാർഥികൾക്ക് പരുക്കൻ പൊലീസ് മുറകൾ 15 ദിവസങ്ങൾ നേരിടേണ്ടിവന്നു. 15 ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലെത്തുമെന്ന് കാത്തിരുന്ന വിദ്യാർഥികൾ കോടതിയിലെത്തിയപ്പോൾ റിമാൻഡ് 21 വരെ നീട്ടീയത് കനത്ത തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.