പല്ലാവൂർ-പല്ലശ്ശന റോഡിൽ പൊടിപടലങ്ങളിൽ മുങ്ങി യാത്ര
text_fieldsപല്ലശ്ശന: പല്ലാവൂർ-പല്ലശ്ശന റോഡിൽ പൊടിപടലങ്ങളാൽ ദുരിതയാത്ര. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഒരുവർഷം കഴിഞ്ഞും പ്രവൃത്തി പൂർത്തീകരിക്കാത്തത് ദുരിതമായി.
പല്ലാവൂർ-ഒഴിവുപാറ പാതയുടെ നാലര കിലോമീറ്റർ ദൈർഘ്യമുള്ള നവീകരണമാണ് ഇഴഞ്ഞുനീങ്ങുന്നത്. അഞ്ചുകോടിയോളം രൂപ വകയിരുത്തിയിട്ടും പ്രവൃത്തി ഇഴയുന്നതിനാൽ പല്ലാവൂർ ഭാഗത്തുനിന്നും യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് തീരാദുരിതമായി. മെറ്റലുകൾ നിരത്തിയ റോഡിൽ പൊടിപടലങ്ങൾ ഉയരുന്നത് നാട്ടുകാർക്ക് ദുരിതമായി.
പല്ലാവൂർ-കുനിശ്ശേരി റോഡിലെ നവീകരണം പ്രശ്നമായതിനെ തുടർന്ന് നാട്ടുകാർ രംഗത്തിറങ്ങി ദുരിതയാത്രക്കെതിരെ നടത്തിയ സമരമാണ് പിന്നീട് റോഡ് നവീകരണം വേഗത്തിലാ ക്കിയത്. സമാനമായ രീതിയിൽ പല്ലാവൂർ-പല്ലശ്ശന റോഡിന്റെ നവീകരണത്തിനായി സമരം ചെയ്യാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പഴയകാവ് ഭഗവതി ക്ഷേത്രം, വി.ഐ.എം.എച്ച്.എസ്, സാമൂഹിക ആരോഗ്യകേന്ദ്രം, മറ്റ് സർക്കാർ ഓഫിസുകൾ, ഒഴിവുപാറ ജി.എൽ.പി സ്കൂൾ, പഴയകാവ് സ്കൂൾ തുടങ്ങി സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളിലേക്ക് പോകുന്ന പാത കൂടിയാണിത്. കൂടാതെ കൊല്ലങ്കോട്ടേക്കും ചിറ്റൂരിലേക്കും എത്തിച്ചേരുന്ന പ്രധാന പാതയാണിത്.
റോഡിന്റെ അവസാന ഭാഗത്തുള്ള നിറക്കോട് പാലത്തിന്റെ നിർമാണവും ഇതുപോലെതന്നെ വർഷങ്ങളായി ഇഴഞ്ഞുനീങ്ങി കൊണ്ടിരിക്കുകയാണ്. മഴക്കാലമായാൽ ചളിക്കുളമായും വേനൽക്കാലത്ത് പൊടി നിറഞ്ഞുമുള്ള ആറ് കിലോമീറ്റർ റോഡിലെ യാത്രമൂലം യാത്രികരെ പോലെ റോഡിന്റെ വശങ്ങളിലുള്ളവർക്കും ദുരിതമായി.
റോഡിന്റെ നവീകരണം വേഗത്തിൽ നടത്തണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങുമെന്നും പല്ലശ്ശന ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം പ്രസിഡൻറുമായ മനു പല്ലാവൂർ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്യാം ദേവദാസ് എന്നിവർ പറഞ്ഞു.
എന്നാൽ, കുടിവെള്ള പൈപ്പ് സ്ഥാപിച്ചതിന്റെ പ്രവർത്തനങ്ങളും തുടർന്നുണ്ടായ മഴയുമാണ് റോഡ് നവീകരണം സാവകാശത്തിലായതെന്നും മഴ മാറിയാൽ ടാറിങ് നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ചിറ്റൂർ എക്സിക്യൂട്ടിവ് എൻജിനീയർ സുബൈറലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.