ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല; ജില്ലയിൽ ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കും
text_fieldsപാലക്കാട്: ഈ മാസം 20ന് ഡി.വൈ.എഫ്.ഐ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കുമെന്ന് ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ പറഞ്ഞു. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.
ജില്ലയിൽ പുലാമന്തോൾ പാലം മുതൽ ചെറുതുരുത്തി പാലം വരെ 29 കിലോമീറ്ററാണ് ചങ്ങല. പുറമേ വടക്കാഞ്ചേരിയിലേക്ക് 10 കിലോമീറ്ററും പെരിന്തൽമണ്ണയിലേക്ക് 10 കിലോമീറ്ററും ജില്ലയിൽനിന്നുള്ള യുവാക്കൾ കണ്ണികളാകും. വൈകീട്ട് 4.30ന് ട്രയൽ നടക്കും. അഞ്ചിനാണ് ചങ്ങല തീർക്കുക. തുടർന്ന് വിളയൂർ, കൊപ്പം, പട്ടാമ്പി, ഓങ്ങല്ലൂർ, കുളപ്പുള്ളി, ഷൊർണൂർ എന്നിവിടങ്ങളിൽ പൊതുയോഗം നടക്കും.
സാംസ്കാരിക നായകരും ട്രേഡ് യൂനിയൻ, വിദ്യാർഥി, യുവജന, കർഷകത്തൊഴിലാളി വിഭാഗങ്ങളും ചലച്ചിത്ര പ്രവർത്തകരുമടക്കം ചങ്ങലയുടെ ഭാഗമാകും. സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കുളപ്പുള്ളിയിലാണ് ഭാഗമാവുക.
ചങ്ങലയുടെ പ്രചാരണാർഥം സമരകോർണറുകൾ, കാർഷികോത്സവങ്ങൾ, കായിക മത്സരങ്ങൾ, വിളംബര റാലി എന്നിവ പൂർത്തിയായി. ജില്ല പ്രസിഡന്റ് ആർ. ജയദേവൻ, ട്രഷറർ എം. രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഷക്കീർ, ഷിബി കൃഷ്ണ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. ഷനോജ്, എം.എ. ജിതിൻ രാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.