സമ്പർക്കരോഗങ്ങൾ വർധിക്കുന്നു; സജീവമാകാൻ ഇ സഞ്ജീവനി
text_fieldsപാലക്കാട്: കേരളത്തിൽ സമ്പർക്കരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇ സഞ്ജീവനി സജീവമാക്കാൻ ആരോഗ്യ വകുപ്പ് രംഗത്ത്. ആരോഗ്യ ചികിത്സ രംഗത്ത് പിന്നാക്കാവസ്ഥയിലായ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി 2019 നവംബറിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നാഷനൽ ടെലിമെഡിസിൻ സർവിസ്. ഡോക്ടറെ നേരിൽ പോയി കാണാതെ വിഡിയോ കോളിലൂടെ രോഗിയെ ചികിത്സിക്കുകയാണ് പദ്ധതി. ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്തെടുത്ത് തൊട്ടടുത്ത ഡിസ്പെൻസറിയിൽ പോയി മരുന്ന് വാങ്ങാം. സ്പെഷലൈസ്ഡ് ഡോക്ടർമാരുടെ സേവനം ഇതിലൂടെ ലഭിക്കുന്നു എന്നതാണ് മുഖ്യ ആകർഷണം. ഇ സഞ്ജീവനി പദ്ധതി കേരളത്തിൽ സജീവമായിരുന്നില്ലെങ്കിലും പുതിയ സാഹചര്യത്തിൽ പദ്ധതിയെ സജീവമാക്കാനാണ് കേരള ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആശുപത്രികളിൽ വരി നിൽക്കാതെ വീട്ടിലിരുന്ന് തന്നെ തികച്ചും സൗജന്യമായി ഡോക്ടറെ കാണാം എന്നതാണ് ഇ സഞ്ജീവനിയുടെ മേൻമ.
ഇ സഞ്ജീവനി
വിരൽത്തുമ്പിൽ വിദഗ്ദ്ധ ഡോക്ടമാർ എന്നതാണ് ലക്ഷ്യം. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വീടിനടുത്തുള്ള പി.എച്ച്.സി/എഫ്.എച്ച്.സി യിൽ നിന്ന് ആവശ്യാനുസരണം ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നു. ജനറൽ മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെല്ലാം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.
ഇനി വിളിച്ചാൽ വിളിപ്പുറത്ത്
വീട്ടിലിരുന്ന് ഡോക്ടറെ കാണാൻ സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയിൽ ഏതെങ്കിലും ഒന്നും ഇന്റർനെറ്റ് കണക്ഷനുമാണ് വേണ്ടത്. esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം വിഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെ കുറിച്ച് സംസാരിക്കാം. ഓൺലൈൻ കൺസൽട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാം. ഇ സഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത്:
esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക, ടോക്കൺ എടുത്ത് എസ്.എം.എസ് നോട്ടിഫിക്കേഷൻ വന്നശേഷം ഇ സഞ്ജീവനി ഒ.പി.ഡിയിലേക്ക് ലോഗ്ഇൻ ചെയ്യുക. ക്യൂ വഴി പരിശോധന മുറിയിൽ പ്രവേശിച്ചാൽ ‘കാൾനൗ’ ക്ലിക്ക് ചെയ്യുക. വിഡിയോ കോൾ വഴി ഡോക്ടറുടെ പരിശോധന കഴിഞ്ഞാൽ മരുന്നുകളുടെ കുറിപ്പടികൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇ സഞ്ജീവനി ഒ.പി.ഡികൾ
- ജനറൽ അല്ലെങ്കിൽ കോവിഡ് അല്ലെങ്കിൽ പോസ്റ്റ് കോവിഡ് ഒ.പി.ഡി: തിങ്കൾ മുതൽ ഞായർ വരെ: 24 മണിക്കൂറും.
- ജനറൽ മെഡിസിൻ: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- ഗൈനക്കോളജി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- ഹോമിയോപ്പതി ഒ.പി.ഡി: തിങ്കൾ മുതൽ ശനി വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ട് വരെ.
- ഒഫ്താൽമോളജി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ.
- ഓർത്തോ: ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- പാലിയേറ്റീവ് കെയർ ഒ.പി.ഡി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ): ബുധനാഴ്ച: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- സൈക്യാട്രി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാല് വരെ.
- പീഡിയാട്രിക്സ്: തിങ്കൾ മുതൽ ശനി വരെ: രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ, ഞായറാഴ്ച: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- ആയുർവേദ ഒ.പി.ഡി: തിങ്കൾ മുതൽ ശനി വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ട് വരെ.
- കാർഡിയോളജി: ഞായറാഴ്ച: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- പൾമണോളജി അല്ലെങ്കിൽ ചെസ്റ്റ്: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- ഡെന്റൽ: തിങ്കൾ, ചൊവ്വ, വെള്ളി: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- ജനറൽ സർജറി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ.
- അഡൾട്ട് സൈക്യാട്രി: ബുധനാഴ്ച: രാവിലെ പത്തു മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ.
- ഡെർമറ്റോളജി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ.
- ഇ.എൻ.ടി: തിങ്കൾ മുതൽ ഞായർ വരെ: രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ.
- ഒക്യുപേഷണൽ ഹബ് : തിങ്കൾ മുതൽ ശനി വരെ: രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ.
കൂടുതൽ അന്വേഷണങ്ങൾക്ക് ‘ദിശ’യുമായി ബന്ധപ്പെടുക: 1056, 104 (ടോൾ ഫ്രീ), 0471- 2552056

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.